രാജ്യത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായ വൈറസ് വകഭേദമല്ലെന്ന് ആരോഗ്യ മന്ത്രാലയം

0

  രാജ്യത്ത് എം പോക്‌സ് സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ കുരങ്ങുപനിയെന്ന എം പോക്‌സ് സ്ഥിരീകരിക്കുന്നത്. വെസ്‌റ്റേണ്‍ ആഫ്രിക്കയില്‍ നിന്നെത്തിയ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ രോഗിയെ ഐസോലേറ്റ് ചെയ്തിരുന്നതായും നിലവില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ഏതാനും ദിവസമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിന് മറ്റ് അനുബന്ധ രോഗങ്ങളൊന്നും ഇല്ലെന്നും മന്ത്രാലയം അറിയിച്ചു. 2022 ജൂലൈ മുതല്‍ രാജ്യത്ത് സ്ഥിരീകരിച്ച 30 ഓളം കേസുകള്‍ക്ക് സമാനമായ ക്ലേഡ് 2 സ്‌ട്രെയിനിലുള്ള വൈറസാണ് രോഗിയില്‍ കണ്ടെത്തിയിരിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയല്‍ രാജ്യങ്ങളിലും ക്ലേഡ് 1 വൈറസ് പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ക്ലേഡ് 1 അല്ലാത്തതിനാല്‍ ഇത് പഴയ വൈറസ് തന്നെയാണെന്നും അടിയന്തരാവസ്ഥയുമായി ഇതിന് ബന്ധമില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

എങ്കിലും സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാ സംസ്ഥാന തലങ്ങളിലെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ മാസമാണ് ലോകാരോഗ്യ സംഘടന എം പോക്‌സ് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്.

മങ്കി പോക്‌സ് എന്ന് അറിയപ്പെട്ടിരുന്ന ഈ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രോഗം പടര്‍ന്ന രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സ് എമര്‍ജന്‍സി കമ്മിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയല്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച പുതിയ ക്ലേഡ് 1ബി സ്‌ട്രെയിന്‍ കൂടുതല്‍ രാജ്യാന്തര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ലൈംഗികമായി പകരുന്ന പുതിയ വകഭേദം പടര്‍ന്നു പിടിക്കുന്നത് ആരോഗ്യ വിദഗ്ദ്ധര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന എം പോക്‌സ് ലോകത്തിനൊട്ടാകെ ഭീഷണിയാണെന്നും അതിനെ തടയുന്നതിനായി പ്രവര്‍ത്തിക്കണമെന്നും ഐഎച്ച്ആര്‍ എമര്‍ജന്‍സി കമ്മിറ്റി ആവശ്യപ്പെട്ടു. കോംഗോയ്ക്ക് പുറമേ ബുറുന്‍ഡി, കെനിയ, റുവാന്‍ഡ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം പടരുന്നത്. പുതിയ വൈറസ് സ്‌ട്രെയിന്‍ വളരെ വേഗത്തില്‍ പടരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ഈ രോഗം പ്രത്യക്ഷപ്പെട്ടത്. 2022 ജൂലൈ 14ന് യുഎഇയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ 35 കാരനിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി രോഗബാധ തടയാന്‍ കേരളത്തിനായി. പിന്നീട് രാജ്യത്തൊട്ടാകെ 27 കുരങ്ങുപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എച്ച്1എന്‍1, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് 19 എന്നിവയ്ക്കാണ് ഇതിനു മുന്‍പ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം വ്യാപിക്കാമെങ്കിലും അടുത്തിടപഴകിയാല്‍ മാത്രമേ ഇത് പകരൂ. കോവിഡ് പോലെ വേഗത്തില്‍ മഹാമാരിയായി പടരാനുള്ള സാധ്യത വിരളമാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.