പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് പൂനെയിൽ. ഉച്ചയ്‌ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യയ്‌ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ആദ്യ കളിയിൽ ഇംഗ്ലണ്ടിനെ 66 റൺസിന് തകർത്ത ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഇപ്പോൾ 1-0 എന്ന നിലയിലാണ്. ആദ്യ ഏകദിനത്തിൽ 66 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. നേരത്തെ ടെസ്റ്റ്, ടി 20 പരമ്പരകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ശ്രേയസ് അയ്യരുടെയും രോഹിത് ശര്‍മയുടെയും പരിക്ക് മാത്രമാണ് ഇപ്പോൾ ഇന്ത്യ നേരിടുന്ന ഏക ആശങ്ക.
ശ്രേയസ്സ് അയ്യര്‍ക്ക് കുറച്ചുകാലത്തേക്ക് കളിക്കാനാകില്ല. രോഹിത് വെള്ളിയാഴ്ച കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശ്രേയസ്സിനുപകരം ഋഷഭ് പന്ത്/ സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ ഇലവനിലെത്തും. വിക്കറ്റ് കീപ്പറായി കെ.എല്‍. രാഹുല്‍ തുടര്‍ന്നാല്‍ ഋഷഭ് സ്‌പെഷലിസ്റ്റ് ബാറ്റ്സ്മാന്റെ റോളിലാകും. രോഹിതിന് കളിക്കാനായില്ലെങ്കില്‍ രാഹുല്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് വരും. സ്പിന്‍ വിഭാഗത്തില്‍ കുല്‍ദീപിന് പകരം യുസ്വേന്ദ്ര ചാഹലിനെ കളിപ്പിച്ചേക്കും.
ഇന്ത്യൻ പര്യടനത്തിൽ ഒരു ട്രോഫിയെങ്കിലും നേടണമെങ്കിൽ ഇംഗ്ലണ്ടിന് ജയം അനിവാര്യം. ഫീൽഡിംഗിനിടെ പരിക്കേറ്റെങ്കിലും നായകൻ ഓയിൻ മോർഗനും സാം ബില്ലിംഗ്സും ടീമിൽ തുടരുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ ഡേവിഡ് മലാനും ലയം ലിവിംഗ്സ്റ്റണും ടീമിലെത്തും. ജേസൺ റോയി, ജോണി ബെയ്ർസ്റ്റോ, ബെൻ സ്റ്റോക്സ്, ജോസ് ബട്‍ലർ എന്നിവർ ക്രീസിൽ നിലയുറപ്പിച്ചാൽ ഇന്ത്യൻ ബൗളിംഗിന്റെ മുനയൊടിയും. പേസർമാരെ തുണയ്ക്കുന്ന വിക്കറ്റായിരിക്കും രണ്ടാം ഏകദിനത്തിനും തയ്യാറാക്കുക.