ന്യൂഡൽഹി: യുദ്ധമേഖലയിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കണമെന്ന് റഷ്യ, യുക്രൈൻ അംബാസഡർമാരോട് വിദേശകാര്യസെക്രട്ടറി ഹർഷവർധൻ ശൃംഗ്ല അഭ്യർഥിച്ചു.
യുദ്ധം തുടങ്ങിയശേഷം പന്ത്രണ്ടായിരത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചു. തിങ്കളാഴ്ച കീവിൽനിന്ന് തീവണ്ടിയിൽ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് നീങ്ങാൻ എംബസി നിർദേശം നൽകിയെങ്കിലും പല ഇന്ത്യൻ വിദ്യാർഥികൾക്കും സാധിച്ചില്ല. എംബസിക്കടുത്ത് താമസിക്കുന്ന നാനൂറോളം വിദ്യാർഥികൾക്കാണ് തിങ്കളാഴ്ച പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങാൻ കഴിഞ്ഞത്. കർഫ്യൂ ഇളവ് ചെയ്യുമ്പോൾ ബാക്കിയുള്ള വിദ്യാർഥികളും കീവ് വിടണം.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. വ്യോമസേന സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. നിലവിൽ എയർ ഇന്ത്യയടക്കം സ്വകാര്യവിമാനങ്ങളാണ് ഒഴിപ്പിക്കലിൽ പങ്കെടുക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പേരെ ഒഴിപ്പിക്കാനാണ് വ്യോമസേനാ വിമാനങ്ങൾ ഉപയോഗിക്കുന്നത്.
വ്യോമസേനയുടെ കൂറ്റൻ വിമാനങ്ങളായ ഇവ ഉപയോഗിച്ച് കൂടുതൽ ആളുകളെ ഒഴിപ്പിക്കാനാകുമെന്നതാണ് നേട്ടം. വിമാനത്താവളങ്ങൾ അല്ലാത്ത പ്രദേശങ്ങളിലും ഇവയ്ക്ക് ലാൻഡ് ചെയ്യാനാകും. യുക്രെയിന് ഇന്ത്യ നൽകുമെന്ന് പ്രഖ്യാപിച്ച മരുന്നടക്കം സഹായസാമഗ്രികൾ എത്തിക്കാനും വ്യോമസേനാ വിമാനം ഉപയോഗിക്കും.