തിരുവനന്തപുരം: സിഐടിയു, ഐഎൻടിയുസി എന്നിവ ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ സംയുക്ത പണിമുടക്ക് ഹർത്താലായി മാറുന്നു. രാജ്യമെമ്പാടുമുള്ളവരെ പ്രതിസന്ധിയിലാക്കി സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞു. അസം, ബംഗാൾ, കേരളം തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ട്രെയിനുകൾ അനിശ്ചിതമായി വൈകുകയാണ്. തിരുവനന്തപുരത്തും കോഴിക്കോട്ടും ആലപ്പുഴയിലും തൃപ്പൂണിത്തുറയിലും ട്രെയിനുകൾ തടഞ്ഞു.
തിരുവനന്തപുരത്തുനിന്നും പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ട വേണാട് എക്പ്രസ് സമരാനുകൂലികൾ തടഞ്ഞതോടെ ഒന്നര മണിക്കൂർ വൈകിയാണ് സർവ്വീസ് ആരംഭിച്ചത്. ആറിന് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസും ഒന്നര മണിക്കൂർ വൈകി. രപ്തിസഗാർ എക്സ്പ്രസും സമരാനുകൂലികൾ തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ചെന്നൈ-മംഗളൂരു മെയിൽ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ട് സമരക്കാർ തടഞ്ഞു. കായംകുളം റെയിൽവേ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസ് സമരാനുകൂലികൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി ബസ്സുകൾ ഇതുവരെ സർവ്വീസ് തുടങ്ങിയിട്ടില്ല. എന്നാൽ, സർവ്വീസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സി പോലീസ് സഹായം തേടിയിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തിരിക്കുകയാണ്. ട്രെയിനിലും വിമാനത്തിലും നാട്ടിലെത്തിയവരിൽ പലരും സ്വദേശത്തേക്കു പോകാൻ വാഹനമില്ലാതെ വിഷമിക്കുകയാണ്.
വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെൻഷനും കൂട്ടുക, ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇൻഷൂറൻസ് പ്രീമിയം വർദ്ധന പിൻവലിക്കുക, പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്നത് തടയുന്ന മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി പണിമുടക്ക് നടത്തുന്നത്.
കൊയിലാണ്ടിയിൽ സി.പി.എം-ബി.ജെ.പി
നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറ്
കൊയിലാണ്ടിയിൽ സി.പി.എം നഗരസഭ കൗൺസിലർ ഷിജുവിന്‍റെ വീടിനുനേരെയും ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി മുകുന്ദന്‍റെ വീടിന് നേരെയും ബോംബേറുണ്ടായി. വെളുപ്പിന് മൂന്ന് മണിക്കാണ് സി.പി.എം നേതാവിന്‍റെ വീടിന് നേരെ ബോംബേറുണ്ടാവുന്നത്. തുടർന്ന് 5 മണിക്ക് മുകുന്ദന്‍റെ വീടിന് നേരെയും ബോംബേറുണ്ടായി. വീടിന്‍റെ ജനാലച്ചില്ലുകളും വാതിലുകളും തകർന്നു. രണ്ട് സംഭവങ്ങളിലും ആർക്കും പരിക്കില്ല.