രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ; രോഗികളുടെ എണ്ണം 85,940 ആയി ഉയര്‍ന്നു

0

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ. രാജ്യത്ത് 24 മണിക്കൂറില്‍ 3970 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 85,940 ആയി ഉയര്‍ന്നു. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും രോഗത്തിന്റെ രണ്ടാം തരംഗം ആശങ്കയുണര്‍ത്തുന്നു. ആകെ മരണസംഖ്യ 2752 ആയി. 24 മണിക്കൂറിനിടെ 16 ബിഎസ്എഫ് ജവാന്മാർക്കും 3 സിഐഎസ്എഫ് ജവാന്മാർക്കും കോവിഡ് സ്ഥിരീകരിച്ചു.ഇതുവരെ രോഗമുക്തി നേടിയവര്‍ 30000 കടന്നു.

കേരളത്തിനു പുറമേ ഹിമാചല്‍ പ്രദേശ്, അസം എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച വരെ വളരെ കുറവ് കേസുകള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഗോവ കോവിഡ് മുക്തമാകുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി ഈ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഇത്തരത്തിൽ വര്‍ധിക്കുന്നത് ആശങ്കയുണർത്തുന്ന ഒരു കാര്യംതന്നെയാണ്.

ഒരു മാസത്തോളമായി ഗോവയില്‍ ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മാര്‍ച്ച് അവസാനവാരം കോവിഡ് ബാധിച്ച ഏഴു പേരും രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ എട്ടു പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേപോലെതന്നെ കേരളത്തിൽ വ്യാഴാഴ്ച മാത്രം 26 പേര്‍ക്കാണു രോഗം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 30 നു ശേഷം ആദ്യമായാണ് ഇത്രയേറെ കേസുകള്‍ ഒറ്റദിവസം ഉണ്ടാകുന്നത്. വെള്ളിയാഴ്ച 16 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 52 പേര്‍ക്കു രോഗം റിപ്പോര്‍ട്ട് ചെയ്തു. ഹിമാചല്‍ പ്രദേശില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 34 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരെല്ലാം മറ്റിടങ്ങളില്‍നിന്ന് സംസ്ഥാനത്തേക്കു മടങ്ങിയെത്തിയവരാണ്.

പല സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ സ്വന്തം വീടുകളിലേക്കു മടങ്ങുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യതയാണു കാണുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വൈറസ് വ്യാപനത്തിൽ ചൈനയെ മറികടന്നതോടെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്താകെ 11-ാം സ്ഥലത്തേയ്ക്ക് എത്തി. മരണത്തില്‍ ഇന്ത്യ 16-മതാണ്. ചൈനയേ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ മരണസംഖ്യ വളരെ കുറവാണ്. ചൈനയില്‍ 84,649 പേര്‍ക്കാണ് ആകെ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലാകട്ടെ ആകെ രോഗികളുടെ എണ്ണം 85,681 ആയി.