ഭാര്യയുടെ പേരിലെടുത്ത ടിക്കറ്റിലൂടെ പ്രവാസിക്ക് ഏഴ് കോടിയുടെ സമ്മാനം

1

ദുബായ്: ഭാര്യയുടെ പേരിലെടുത്ത ടിക്കറ്റിലൂടെ യുഎഇയില്‍ ഇന്ത്യക്കാരന് ഏഴ് കോടിയുടെ ഭാഗ്യം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി മഹേഷിനാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ Dubai duty free) 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ഭാര്യ സുഗന്ധിയുടെ പേരിലെടുത്ത 1750-ാം നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.

സെപ്‍റ്റംബര്‍ ഒന്നിന് 12 സുഹൃത്തുക്കളുമായി ചേര്‍‌ന്നാണ് മഹേഷ് ടിക്കറ്റെടുത്തത്. സുഹൃത്തുക്കളില്‍ 10 പേര്‍ ഇന്ത്യക്കാരും ഒരു ലെബനാന്‍ സ്വദേശിയും ഒരു ഫിലിപ്പൈനിയുമാണുള്ളത്. സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കുവെയ്‍ക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് കഴിഞ്ഞ 15 വര്‍ഷമായി ഭാഗ്യം പരീക്ഷിക്കുന്ന മഹേഷ്‍, ഇത്തവണ തന്റെ ഭാര്യയുടെ പേരില്‍ ടിക്കറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. താന്‍ ഏറെ സന്തോവതിയാണെന്ന് അഭിപ്രായപ്പെട്ട സുഗന്ധി, ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിക്കുകയും ചെയ്‍തു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതു മുതല്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 183-ാമത്തെ ഇന്ത്യക്കാരനാണ് മഹേഷ്. ടിക്കറ്റുകളെടുക്കുന്നവരിലും ഏറ്റവുമധികം പേര്‍ ഇന്ത്യക്കാര്‍ തന്നെയാണ്.

ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ധനശേഖരന്‍ ബാലസുന്ദരം ഹാര്‍ലി ഡേവിഡ്സണ്‍ സ്‍പോര്‍ട്ട്‍സ്റ്റര്‍ ഫോര്‍ട്ടി എയ്റ്റ് XL 1200X ബൈക്ക് സ്വന്തമാക്കി. 49കാരനായ അദ്ദേഹം അബുദാബിയില്‍ താമസിക്കുകയാണ്. 0146 നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹം ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ വിജയിയാണ്. 35 വയസുകാരനായ ബ്രിട്ടീഷ് പൗരനാണ് മെര്‍സിഡസ് ബെന്‍സ് ജിഎല്‍ഇ 53 4M AMG കാര്‍ സ്വന്തമാക്കിയത്. ഒരു പാകിസ്ഥാന്‍ സ്വദേശിക്കും ആഡംബര ബൈക്ക് സമ്മാനം ലഭിച്ചു.