അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്‌

0

ലണ്ടന്‍: 2022 ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്‌. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്‌ളീഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക്‌ ഇതാദ്യമായാണ് അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിനടിമയായ വൃദ്ധ, പിന്നീട് നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തുന്നതിന്റെ കഥയാണ് രേത് സമാധി പറയുന്നത്. വിഭജനകാലത്തെ ദുരന്തങ്ങളുടെ ഓര്‍മ്മകളുമായി ജീവിക്കുന്ന നോവലിലെ കേന്ദ്രകഥാപാത്രം പാകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതാണ് റേത് സമാധിയുടെ കഥാതന്തു.