ഉറങ്ങിപ്പോയി; ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ പൗരൻ

0

ദുബായ് ∙ ഉറങ്ങിപ്പോയതിനാൽ വിമാനം നഷ്ടമായ ഇന്ത്യൻ പൗരൻ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി. ദുബായില്‍ നിന്ന് നാട്ടിലേക്ക് വിമാനം കാത്തിരുന്ന പുണെ സ്വദേശി അരുൺ സിങ്ങാണ് (37) കുടുങ്ങിയത്. ഇമിഗ്രേഷനും സെക്യൂരിറ്റി പരിശോധനകളും പൂര്‍ത്തിയാക്കി ഞായറാഴ്ച പുലര്‍ച്ചെ നാലു മണിക്കുള്ള വിമാനം കാത്തിരിക്കുകയായിരുന്നു അരുണ്‍ സിംഗ്. അഹമ്മദാബാദിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കാന്‍ വെയ്റ്റിംഗ് ഏരിയയില്‍ ഇരുന്ന അരുണ്‍ സിംഗ് ഉറങ്ങിപ്പോയി. വിമാനം സമയത്ത് പറന്നുയരുകയും ചെയ്തു.

യു.എ.ഇയില്‍ നിന്ന് പുറത്തേക്കുള്ള അവസാന വിമാനമായിരുന്നു അത്. അതിനുശേഷം യു.എ.ഇയിലേക്ക് വിമാനങ്ങള്‍ വരുന്നതിനോ പുറത്തേക്ക് പോകുന്നതിനോ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലായിരുന്നു അധികൃതരുടെ ഈ നടപടി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രതിരോധമെന്ന നിലയിൽ യുഎഇ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. കൂടാതെ റെസിഡൻസി വീസ ഉടമകൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ കാരണം വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാൻ അരുണിന് അനുവാദമില്ല.

‘സമ്മർദ്ദത്തിലായിരുന്നതിനാൽ ഉറങ്ങിപ്പോയി. വിവാഹമോചനം ഫയൽ ചെയ്യാനായി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ആദ്യം ഇമിഗ്രേഷൻ ഹാളിലേക്ക് കടക്കാൻ അനുവാദമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ജിസിസി (ഗൾഫ് കോ–ഓപ്പറേഷൻ കൗൺസിൽ) പൗരന്മാർക്കു മാത്രമാണ് പ്രവേശനമെന്ന് അറിയിച്ചു. ഉറങ്ങിപ്പോയതിനാലാണ് വിമാനം നഷ്ടമായതെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ ഇന്ത്യൻ കോൺസുലേറ്റിൽ വിളിച്ചിരുന്നു. പക്ഷേ അവർക്ക് വിവരങ്ങളൊന്നും അറിയില്ല’– അരുൺ സിങ് പറഞ്ഞു.

‘ഇപ്പോൾ എനിക്ക് കുളിക്കാം. കടകൾ തുറന്നിരിക്കുന്നതിനാൽ ഭക്ഷണം വാങ്ങാം. ലഗേജ് പക്കലില്ലാത്തതിനാൽ കുറച്ച് വസ്ത്രങ്ങൾ വാങ്ങേണ്ടിവരും. അവശ്യ സേവനങ്ങൾ ലഭ്യമാണ്. പക്ഷേ ബുധനാഴ്ചയ്ക്ക് ശേഷം വിമാനത്താവളത്തിൽ എല്ലാം അടയ്ക്കുമെന്ന് അവർ പറയുന്നു. അതുകഴിഞ്ഞ് എന്തു സംഭവിക്കുമെന്ന് അറിയില്ല’– അരുൺ പറഞ്ഞു.