പുര കത്തുമ്പോൾ വാഴവെട്ടുന്ന ഇന്ത്യൻ റെയിൽവെ

0

ഇന്ത്യാ മഹാരാജ്യത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവെ . ഈ വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ രക്തധമനികൾ പോലെ രാജ്യം മുഴുക്കെ വ്യാപിച്ചു കിടക്കുന്ന റെയിൽവെ ട്രാക്കുകൾ കാശ്മീർ മുതൽ കന്യാകുമാരി വരെ ഈ പാളങ്ങളിലൂടെ ബഹുസ്വര ഇന്ത്യയെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് കൂകിപ്പായുന്ന തീവണ്ടികൾ ശരിക്കും അഭിമാനമാണ് ഇന്ത്യൻ റെയിൽവെ . ഒരു പൊതുമേഖലാ സ്ഥാപനം രാഷ്ട്രത്തിലെ ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്തങ്ങളും നൽകേണ്ട ഇളവുകളും കൃത്യമായി നൽകിയിരുന്ന ഇന്ത്യൻ റെയിൽവേ ഇന്ന് ജനതയെ മറന്ന് ലാഭക്കൊതിയുള്ള കച്ചവടക്കാരായി മാറിത്തീരുകയാണ്.

ഇളവുകൾ ഒന്നൊന്നായി നിർത്തലാക്കി കൊണ്ടിരിക്കുന്നു. 58 ഇനം ഇളവുകൾ യാത്രക്കാർക്ക് നൽകിയിരുന്ന ഇന്ത്യൻ റെയിൽവേ അതിൽ 34 ഇനങ്ങൾ നിർത്തലാക്കിയിരിക്കുകയാണ്. ഇതിൽ യുദ്ധത്തിൽ ചരമമടഞ്ഞ സൈനികരുടെ വിധവകൾക്കും മുതിർന്ന പൗരന്മാർക്കും നൽകിയിരുന്ന ഇളവുകളും ഉൾപ്പെടുന്നു എന്നത് വേദകരം തന്നെയാണ്. രാജ്യത്തെ കൊള്ളയടിച്ച മുതലാളിമാർക്ക് കോടികൾ എഴുതിത്തള്ളുമ്പോഴാണ് സാധാരണ ജനങ്ങൾക്ക് നേരെ ഇത്തരം നടപടികളുമായി സർക്കാർ രംഗത്തെത്തുന്നത് എന്നത് ആലോചിക്കേണ്ട വിഷയം തന്നെയാണ്.

ജനതയുടെ ക്ഷേമം മുഖ്യവിഷയമാകുന്ന ഒരു സർക്കാറിന് മാത്രമേ ഇക്കാര്യത്തിൽ പുനരാലോചന നടത്താൻ കഴിയുകയുള്ളു. നമ്മുടെ കേന്ദ്ര സർക്കാറിന് ഇതൊന്നും ബാധകമല്ല എന്നതാണ് വർത്തമാന യാഥാർത്ഥ്യം. അവർ വാഴ വെട്ടുകയാണ്, പുര കത്തുമ്പോഴും.