ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു ജൂണ്‍ നാലിന് ഖത്തറിലെത്തും

0

ദോഹ: ഇന്ത്യന്‍ ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു ജൂണ്‍ നാലിന് ഖത്തറിലെത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം അറിച്ചിരിക്കുന്നത്. ഖത്തറിന് പുറമെ ഗാബോണ്‍, സെനഗള്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

മേയ് 30 മുതല്‍ ജൂണ്‍ ഏഴ് വരെയാണ് ഉപരാഷ്‍ട്രപതിയുടെ ത്രിരാഷ്‍ട്ര സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ജൂണ്‍ നാലിന് അദ്ദേഹം ഖത്തറിലെത്തും. ഇന്ത്യയും ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഉപരാഷ്‍ട്രപതിയുടെ സന്ദര്‍ശനം.

ഇതാദ്യമായാണ് വെങ്കയ്യ നായിഡു ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പരസ്‍പര സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനായുള്ള ഉന്നതതല ചര്‍ച്ചകള്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നടക്കും. ഖത്തറിലെ നിരവധി ഉന്നത വ്യക്തിത്വങ്ങളുമായും വ്യാപാരികളുമായും ഉപരാഷ്‍ട്രപതി ചര്‍ച്ച നടത്തും. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.