പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് മുന്നോടിയായി മോസ്കോയിൽ ക്ഷേത്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് റഷ്യയിലെ ഇന്ത്യക്കാർ. ഇന്ത്യൻ ബിസിനസ് അലയൻസ് ആൻഡ് ഇന്ത്യ കൾചറൽ നാഷണൽ സെൻ്റർ പ്രസിഡൻ്റ് സാമി കോട്‌വാണിയാണ് ഈ വിഷയം ഉന്നയിച്ചത്. ജൂലൈ എട്ടിനാണ് പ്രധാനമന്ത്രിയുടെ റഷ്യാ സന്ദർശനം. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തും. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രൈൻ യുദ്ധത്തിനുശേഷം ആദ്യമായിട്ടാണ് മോദി റഷ്യ സന്ദർശിക്കുന്നത്.
പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ റഷ്യയിൽ ഹിന്ദുമതവും വളർന്നുവരുന്നുണ്ട്. ഹൈന്ദവക്ഷേത്രങ്ങളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും പതുക്കെ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇത് റഷ്യയിലെ മാറുന്ന മതകാഴ്ചപ്പാടുകളുടെയും വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിൻ്റെ ലക്ഷണമായിട്ടുമാണ് കാണുന്നത്. ഹിന്ദു കൾച്ചറൽ സെൻ്ററുകൾ ഇന്ത്യക്കാരുടെ അഭയകേന്ദ്രമാണ്. മാത്രവുമല്ല, ഹിന്ദു സംഘടനകൾ ഒരു മതത്തിനു വേണ്ടിമാത്രം നിലകൊള്ളുന്നില്ല, മറിച്ച് ഇന്ത്യക്കാർക്കുവേണ്ടിയാണ് നിലകൊള്ളുന്നത്.
1900കളിലാണ് റഷ്യയിൽ ഹിന്ദുമതത്തിന് പ്രചാരം ലഭിക്കുന്നത്. പുനർരൂപീകരണം എന്നർഥം വരുന്ന പെരസ്ട്രോയിക എന്നാണ് ഈ കാലത്തിന് പറയുന്നത്. ഇക്കാലയളവിൽ രാജ്യത്ത് വലിയ തോതിലുള്ള രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങളാണ് നടന്നത്. രാജ്യപുരോഗതിക്കായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ ജാതിമതവർണ വ്യത്യാസമില്ലാതെ റഷ്യ സ്വാഗതം ചെയ്തു. കിഴക്കൻ ആശയങ്ങളോട് റഷ്യക്കാർ വലി താൽപര്യമാണ് പ്രകടിപ്പിച്ചത്. ഇന്ത്യൻ സാഹിത്യങ്ങളും, യോഗയും സോവിയറ്റ് യൂണിയനിൽ ഹൈന്ദവ ആശയങ്ങൾ പ്രചരിക്കുന്നതിന് കാരണമായി. 1900കളിൽ നാസ്തിക ചിന്താഗതിയും പ്രബലമായിരുന്നു. എന്നാൽ ഹൈന്ദവതത്വങ്ങൾ ഇതിനെ അതിജീവിച്ചു എന്നുതന്നെപറയണം.
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നതിനാൽ ക്ഷേത്രമെന്ന ആവശ്യത്തോട് അധികൃതർക്കും എതിർപ്പില്ല. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഒട്ടുമിക്ക മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളും കമ്മ്യൂണിറ്റി സെൻ്ററുകളും പ്രവർത്തിക്കുന്നുണ്ട്. മോദിയും പുടിനും തമ്മിൽ നടക്കുന്ന ഉഭയകക്ഷി ചച്ചയിൽ ക്ഷേത്രനിർമ്മാണത്തെക്കുറിച്ചും സംസാരിക്കണമെന്നാണ് റഷ്യയിലുള്ള ഇന്ത്യക്കാരുടെ ആവശ്യം. ഇത്തരമൊരു പ്രവർത്തിയിലൂടെ റഷ്യയിൽ ഹിന്ദുമതത്തിനുള്ള സ്വീകാര്യത വർദ്ധിക്കുമെന്നും ഇവർ വാദിക്കുന്നുണ്ട്.