ദുബായ്: യു.എ.ഇ. വിസയുള്ള എല്ലാ ഇന്ത്യക്കാർക്കും യു.എ.ഇ. യിലേക്ക് പോകാൻ അനുമതിയായി. . ഇതുവരെ യു.എ.ഇ. യുടെ താമസവിസയുള്ളവർക്ക് മാത്രമായിരുന്നു യാത്രാനുമതി. എന്നാൽ ഇനി സന്ദര്‍ശക വിസ ലഭിച്ചവര്‍ക്കും യുഎഇയിലേക്ക് പോകാനുള്ള അനുമതിയായി. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
യു.എ.ഇ.യുടെ ഏതുതരത്തിലുള്ള വിസയുള്ളവരെയും കയറ്റാൻ ഇന്ത്യയിലെയും യു.എ.ഇ. യിലെയും വിമാനക്കമ്പനികൾക്ക് അനുമതിനൽകിക്കൊണ്ട് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവിട്ടതായി യു.എ.ഇ. യിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. ഇതുവരെയായി ഇന്ത്യയുടെ വന്ദേ ഭാരത് മിഷനിലെ വിമാനങ്ങളിൽ ഇന്ത്യയിൽനിന്ന് യു.എ.ഇ. യുടെ താമസ വിസക്കാർക്ക് മാത്രമായിരുന്നു യാത്രചെയ്യാനുള്ള അനുമതി.
കഴിഞ്ഞ ആഴ്ചയോടെ യു.എ.ഇ. പുതിയവിസകൾ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യക്കാർക്കും യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ഇന്ത്യയിലെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയാണ് ദുബായിലേക്ക് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത്. വിസ അനുവദിക്കുന്നത് ദുബായ് താമസകാര്യ വകുപ്പിന്റെ അനുമതിയോടെ ആയതിനാല്‍ സന്ദര്‍ശക വിസക്കാര്‍, താമസ വിസക്കാരെപ്പോലെ വീണ്ടും പ്രത്യേക അനുമതിയും വാങ്ങേണ്ട ആവശ്യമില്ല. എന്നാല്‍ കൊവിഡ് പരിശോധന അടക്കം മറ്റുള്ള നിബന്ധനകളെല്ലാം ബാധകമാണ്.