ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യലോക് പാലായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ നിയമിച്ചു. ലോക്പാല്‍ നിയമന സമിതിയുടെ തീരുമാനം അംഗീകരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നിയമനത്തിന് അനുമതി നല്‍കിയത്. മുന്‍ ഹൈക്കോടതി ജഡ്ജിയായ ഒരു വനിതയും മറ്റ് നാല് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമാണ് ലോക്‌പാലിലെ മറ്റ് അംഗങ്ങള്‍. സര്‍ക്കാര്‍ തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന സംവിധാനമായ ലോക്പാല്‍ വിജ്ഞാപനം പുറത്തുവന്ന് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ നടപ്പാകുന്നത്.
ഇന്ത്യയുടെ ആദ്യ ലോക്പാലായി സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ നിയമിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ലോക്പാല്‍ നിയമന സമിതി തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയില്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി എന്നിവരാണ് പങ്കെടുത്തത്. തുടര്‍ന്ന് നിയമനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് ഘോഷ് 1997 ലാണ് നിയമിതനായത്. തുടര്‍ന്ന് 2013 ല്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി. 2017 മെയ് മാസത്തിൽ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി. 2017 മെയ് മാസത്തിൽ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ഘോഷ് 2017 ജൂണ്‍ മുതല്‍ ദേശീയ മനുഷ്യാവകാശ സംഘടനയിലെ അംഗമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.