ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അന്തരിച്ചു

0

മൊഹാലി: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. . ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച ആറരയ്ക്കായിരുന്നു അന്ത്യം.

കടുത്ത ന്യുമോണിയബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബല്‍ബീര്‍ സിങ് രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവിച്ചത്. മൂന്നു തവണ ഒളിംപിക് സ്വർണം ഇന്ത്യയ്ക്ക് ടിക്കൊടുത്ത ബല്‍ബീറിനെ സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഹോക്കി താരമായാണ് കണക്കാക്കുന്നത്.

1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ബൽബീർ സിങ്. രാജ്യാന്തര ഒളിംപിക് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 16 ഇതിഹാസ താരങ്ങളിലെ ഏക ഇന്ത്യൻ താരം ഇദ്ദേഹമായിരുന്നു. ഒളിംപിക് ഫൈനൽ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ബൽബീറിന്റെ റെക്കോർഡ് ഇന്നും തകർപ്പെടാത്ത ഒന്നായി നിലനിൽക്കുന്നു.

1952 ഹെൽസിങ്കി ഒളിംപിക്സിൽ‍ ഇന്ത്യ ഹോളണ്ടിനെ 6–1 നു തോൽപിച്ച് സ്വർണം നേടിയപ്പോൾ 5 ഗോളുകളും സ്വന്തമാക്കിയാണ് ബൽബീർ സിങ് ഈ നേട്ടത്തിനുടമയായത്. ഇന്ത്യൻ ഹോക്കിക്ക് ബൽബീർ നൽകിയ സംഭാവനകൾക്ക് 1957ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1975ൽ ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ മാനേജരുമായിരുന്നു. 2015ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു.