കോവിഡ്-19 : ഇന്ത്യ കുവൈത്തിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചു

0

ന്യൂഡല്‍ഹി: കുവൈത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം കുവൈത്തിലെത്തി. കോവിഡ് പരിശോധന, ചികിത്സ തുടങ്ങിയ മേഖലകളില്‍ ഇവര്‍ കുവൈത്ത് ആരോഗ്യവകുപ്പിനെ സഹായിക്കും. കുവൈത്ത് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ 15 അംഗ സംഘത്തെ അയച്ചത്. ഇന്ത്യന്‍ ഡോക്ടര്‍മാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സംഘം കുവൈത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് സംഘം കുവൈത്തിലെത്തിയത്. രണ്ടാഴ്ചയോളം ഇവര്‍ കുവൈത്തില്‍ സേവനത്തിലുണ്ടാവുമെന്നും പ്രസ്താവന വിശദീകരിക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രിയും കുവൈത്ത് പ്രധാനമന്ത്രിയും ഫോണിലൂടെ ചര്‍ച്ച നടത്തുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കാനായി ഇതുപോലുള്ള നിരവധി വൈദ്യസംഘങ്ങളെ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്‌. സഹായം ആവശ്യമുള്ള സൗഹൃദരാഷ്ട്രങ്ങളിലേക്ക് ഈ സംഘങ്ങളെ അയച്ചുകൊണ്ട് പിന്തുണ അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. കുവൈത്തിൽ ഇതുവരെ 1154 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 634 പേർ ഇന്ത്യക്കാരാണ്.