സ്വിറ്റ്സർലണ്ട് എന്നത് ഏതൊരു സഞ്ചാരിയുടെയും സ്വപ്നയാത്രയിലുള്ള സ്ഥലമാണ്. എന്നാല്‍ നമ്മുടെ തൊട്ടരികില്‍ ഒരു കൊച്ചു സ്വിറ്റ്സർലണ്ട് ഉണ്ടെന്നറിയാമോ? അതും നമ്മുടെ അയല്‍പക്കത്ത്.
അതാണ് കോത്തഗിരി. ഇന്ത്യയിൽ സ്വിറ്റ്‌സർലൻഡ് എന്നാണു കോത്തഗിരി അറിയപ്പെടുന്നത് തന്നെ. സഞ്ചാരികളുടെ പറുദീസയായ ഊട്ടിയുടെ തൊട്ടടുത്തുള്ള കോത്തഗിരി സത്യത്തില്‍ ഊട്ടിയേക്കാള്‍ മനോഹരമാണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഒഴിവുകാലവസതി എന്ന പേരില്‍ പ്രശസ്തമാണ് കോത്തഗിരി.
സഞ്ചാരികളുടെ തള്ളികയറ്റമില്ലാതെ നല്ല പ്രശാന്തസുന്ദരമാണ് കോത്തഗിരി. ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം.
സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോടമഞ്ഞ് മൂടിയ നാട് എന്നര്‍ത്ഥത്തിലാണ് കോത്തഗിരിയിലെ കോടനാടിന് ആ പേര് തന്നെ വീണത്. കോടനാട് വ്യൂ പോയിന്റും, കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ പ്രധാനയിടങ്ങള്‍. നീലഗിരി താഴ്വരയുടെ ‘പനോരമ ഫോട്ടോ’യെന്ന് കോടനാട് വ്യൂ പോയിന്റിനെ വിശേഷിപ്പിക്കാം. ഡിസബര്‍ മുതല്‍ മെയ് മാസം വരെയാണ് കോത്തഗിരി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം,ഏപ്രില്‍ മാസം താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് വരെയാകും. നോക്കെത്താ ദൂരങ്ങളോളം നീണ്ടു കിടക്കുന്ന തേയിലത്തോട്ടങ്ങളും ഭംഗിയുള്ള പച്ച ഭൂപ്രകൃതിയാലും ചുറ്റപ്പെട്ട കോത്തഗിരി, ട്രക്കിംഗിനും അനുയോജ്യമാണ്.