അത്യാധുനിക സംവിധാനവുമായി ഇൻഡി​ഗോ എയർലൈൻസ്

0

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്നിറങ്ങാനായി ത്രീ പോയിന്റ് സൗകര്യം ഏർപ്പെടുത്തുന്നു. സാധാരണ​ഗതിയിൽ യാത്രക്കാര്‍ക്ക് ഇറങ്ങാനായി രണ്ട് റാമ്പുകളാണ് വിമാനങ്ങളില്‍ ഉള്ളത്. ഇനി മുതല്‍ മൂന്ന് റാമ്പുകൾ ഉണ്ടാകും. അതായത് വിമാനയാത്രക്കാർക്ക് അധികം സമയം പാഴാക്കാതെ ഇനിമുതൽ എളുപ്പത്തിൽ പുറത്തെത്താൻ സാധിക്കും.

യാത്രക്കാർക്കായി മൂന്നാമത്തെ റാമ്പ് ഉടൻ തന്നെ സജ്ജീകരിക്കുമെന്ന് ഇൻഡിഗോയുടെ ഒരു ഉയർന്ന എക്സിക്യൂട്ടീവ് വ്യാഴാഴ്ച അറിയിച്ചു. വിമാനത്തില്‍ നിന്ന് പുറത്തെത്താന്‍ വേണ്ടിവരുന്നത് 13-14 മിനിട്ടാണ്. ഇനി മുതൽ 7-8 മിനിട്ടിനുള്ളിൽ പുറത്തെത്താമെന്ന് ഇൻഡിഗോ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് രാംദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“വിമാനങ്ങളിൽ മൂന്നാമത്തെ റാമ്പ് ചേർക്കുന്നത് യാത്രക്കാർക്ക് ഏറെ ​ഗുണകരമാണ്. ഇതുമൂലം വളരെ ഫലപ്രദമായി സമയം ലാഭിക്കാം. ബംഗളൂരു, മുംബയ്, ഡൽഹി എന്നീ മൂന്ന് നഗരങ്ങളിലാണ് ഇൻഡിഗോ തുടക്കത്തിൽ ത്രീ പോയിന്റ് സൗകര്യം നടപ്പാക്കുക. ക്രമേണെ എല്ലാ സ്റ്റേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്”. സഞ്ജീവ് രാംദാസ് വ്യക്തമാക്കി.

യാത്രക്കാർക്കായി ത്രീ പോയിന്റ് സൗകര്യം ഒരുക്കുന്ന ആദ്യ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍. ഈ വർഷം ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഇൻഡി​ഗോ കമ്പനി എക്കാലത്തെയും ഉയർന്ന വരുമാനമാണ് നേടിയത്.