ഇന്തോനേഷ്യന്‍ കാടുകള്‍ക്കുള്ളിലെ വിചിത്രമായ പള്ളി

0

ഒരു ഭീമന്‍ പ്രാവിന്റെ രൂപത്തിലൊരു പള്ളിയുണ്ട് ഇന്തോനേഷ്യന്‍ കാടുകള്‍ക്കുള്ളില്‍. കണ്ടാല്‍ ആര്‍ക്കും അത്ഭുതം തോന്നുന്നതാണ് ഈ പള്ളിയുടെ നിര്‍മ്മാണം. നമ്മുടെ സങ്കല്പങ്ങള്‍ക്കെല്ലാം അപ്പുറത്താണ് ഈ പള്ളിയുടെ നിര്‍മാണം. ആരാധനാലയ നിര്‍മിതികളുടെ എല്ലാ മാനദണ്ഡങ്ങളെയും മാറ്റിവെച്ചാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്.

പള്ളിയുടെ കൗതുകമുണര്‍ത്തുന്ന ഈ രൂപത്തിന് പിന്നില്‍ ഒരു കഥയുണ്ട്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ജോലി ചെയ്യുകയായിരുന്ന ഡാനിയല്‍ അലാംജയ്ക്ക് ദൈവത്തിന്റെ അടുത്തുനിന്ന് ഒരു സന്ദേശം കിട്ടിയത്രെ. പ്രാവിന്റെ മാതൃകയില്‍ പ്രാര്‍ത്ഥനയ്ക്കായി ഒരു സ്ഥലം പണിയാനായിരുന്നു ദൈവം നല്‍കിയ സന്ദേശം.

ഡാനിയേല്‍ ആ നിര്‍ദേശം ശിരസ്സാവഹിച്ചു. പള്ളിപണിയാനായി സ്വപ്‌നത്തില്‍ കണ്ട അതേ സ്ഥലം ഡാനിയല്‍ കണ്ടെത്തുന്നത് 1989ല്‍ ഭാര്യവീട് സ്ഥിതിചെയ്യുന്ന മംഗേലിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ്.

ഒരു വര്‍ഷത്തിന് ശേഷം 3,000 സ്‌ക്വയര്‍ മീറ്റര്‍ വരുന്ന ഭൂമി രണ്ട് ദശലക്ഷം രൂപ കൊടുത്ത് ഡാനിയേല്‍ വാങ്ങി. നാലുവര്‍ഷം കൊണ്ടാണ് ഭൂമി വില ഡാനിയേല്‍ കൊടുത്ത് തീര്‍ത്തത്. 30തോളം വരുന്ന നാട്ടുകാരും ഡാനിയേലിനെ പള്ളിയുടെ നിര്‍മാണത്തിന് സഹായിച്ചിരുന്നു. ക്രിസ്ത്യാനിയായ ഡാനിയല്‍ നിര്‍മിച്ചത് സ്വഭാവികമായും ഒരു ക്രിസ്ത്യന്‍ പള്ളിയായിരിക്കുമെന്നാണ് നാട്ടുകാര്‍ കരുതിയത്. പക്ഷേ താന്‍ പണിതത് പ്രാര്‍ത്ഥിയ്ക്കാനുള്ള ഒരു കെട്ടിടം മാത്രമാണെന്നും ഏതു വിശ്വാസികള്‍ക്കും ഇവിടെ വന്ന് തങ്ങളുടെ ദൈവത്തോട് പ്രാര്‍ത്ഥിക്കാമെന്നുമാണ് ഡാനിയല്‍ പറയുന്നത്.

സഞ്ചാരികള്‍ നല്‍കുന്ന വിവരമനുസരിച്ച് പള്ളിയില്‍ ഏകദേശം പതിനഞ്ചോളം മുറികള്‍ ഉണ്ട്. നിര്‍മിച്ചത് പ്രാവിന്റെ രൂപത്തിലാണെങ്കിലും അറിയപ്പെടുന്നത് കോഴി പളളിയെന്ന പേരിലാണ്‌. പക്ഷിപ്പള്ളി, പ്രാവ് പള്ളി, പരുന്ത് പള്ളി എന്നിങ്ങനെ നിരവധി പേരുകളും സഞ്ചാരികള്‍ പള്ളിക്ക് നല്‍കിയിട്ടുണ്ട്.

ഡാനിയേലിന്റെ ഈ പള്ളിയിലേക്ക് ബുദ്ധമത വിശ്വാസികളും, ക്രിസ്ത്യാനികളും, മുസ്ലീങ്ങളുമുള്‍പ്പെടെ നിരവധി പേരാണ് പ്രാര്‍ത്ഥിയ്ക്കാനായി വന്നുകൊണ്ടിരുന്നത്.പള്ളി സന്ദര്‍ശിക്കാനിടയായ ഒരു വിനോദ സഞ്ചാരി തന്റെ ട്രാവല്‍ ബ്ലോഗിലൂടെ പള്ളിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് ലോകത്തിന്റെ ശ്രദ്ധ ഈ അപൂര്‍വ പള്ളിയില്‍ പതിയുന്നത്.