യോഗ്യതാ വിവാദം കൊടുമ്പിരി; ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റിന് പടിയിറക്കം

Share

ജക്കാര്‍ത്ത: ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് ഗിബ്രാണ്‍ രാകാബുമിംഗ് രാക രാജിവെച്ചു. സാമ്പത്തിക മാന്ദ്യം, അഴിമതി, കാട്ടുതീ തുടങ്ങിയ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ നട്ടംതിരിയുന്നതിനിടയിലാണ് വൈസ് പ്രസിഡൻ്റിൻ്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദവും ഉയരുന്നത്. ഇതോടെയാണ് ഗിബ്രാണിന് രാജിവെക്കേണ്ടി വന്നത്.

പ്രസിഡന്റ് പ്രഭോവോ സുബിയാന്തോയ്ക്കും പാര്‍ലമെന്റിനുമാണ് ഗിബ്രാണ്‍ രാജി സമര്‍പ്പിച്ചതെന്ന് പീപ്പിള്‍സ് കണ്‍സള്‍ട്ടേറ്റീവ് അസംബ്ലി സ്പീക്കര്‍ അറിയിച്ചു. പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഗിബ്രാണിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജി സ്വീകരിച്ചതായി പ്രസിഡന്റ് അറിയിച്ചു.

ഭാരപ്പെട്ട ഹൃദയത്തോടെയാണ് രാജി സ്വീകരിച്ചതെന്ന് പ്രസിഡന്റ് പ്രഭോവോ വ്യക്തമാക്കി. മുന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ മൂത്ത മകനാണ് ഗിബ്രാണ്‍. ഗിബ്രാണിന് ഹൈസ്‌കൂള്‍ ഡിപ്ലോമ ലഭിച്ചിട്ടില്ലെന്നാണ് ആരോപണം.

ഇന്തോനേഷ്യന്‍ ഭരണഘടനയനുസരിച്ച് വൈസ് പ്രസിഡന്റ് പദവിയില്‍ ഒഴിവ് വരുമ്പോള്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കില്ല. പ്രസിഡന്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ട് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് 60 ദിവസത്തിനകം പീപ്പിള്‍സ് കണ്‍സള്‍ട്ടേറ്റീവ് അസംബ്ലി പുതിയ ആളെ തിരഞ്ഞെടുക്കും.

നിരവധി ആഭ്യന്തര പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് പുതിയ രാഷ്ട്രീയ നീക്കം. സാമ്പത്തിക പ്രതിസന്ധി, അഴിമതി, കാട്ടുതീ തുടങ്ങിയ പ്രശ്‌നങ്ങളില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ആയിരക്കണക്കിന് ആളുകളാണ് തെരുവില്‍ പ്രതിഷേധിച്ചത്.

രാഷ്ട്രീയ വിവാദങ്ങള്‍ ഒഴിവാക്കാനാണ് താന്‍ രാജി വെക്കുന്നതെന്ന് ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ഗിബ്രാണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമപരമായ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ പ്രസിഡന്റ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായി ക്യാബിനറ്റ് മന്ത്രിമാര്‍ പറഞ്ഞു.

വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ഏറെ നാളായി ഗിബ്രാണിനെ വിവാദങ്ങള്‍ പിന്തുടരുന്നുണ്ട്. ഓസ്‌ട്രേലിയയിലും സിങ്കപ്പൂരിലും പഠനം പൂര്‍ത്തിയാക്കിയ ഗ്രിബ്രാണ്‍ തന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനായി ഇന്തോനേഷ്യന്‍ തുല്യതാ സര്‍ട്ടിഫിക്കറ്റാണ് ഉപയോഗിച്ചിരുന്നത്.

ഇന്തോനേഷ്യന്‍ നിയമമനുസരിച്ച് വൈസ് പ്രസിഡന്റിന് സീനിയര്‍ സെക്കണ്ടറിയോ തതുല്യമായതോ ആയ വിദ്യാഭ്യാസ യോഗ്യത വേണം. എന്നാല്‍ ഗിബ്രാണ്‍ ബിരുദം നേടിയെന്നതിന് തെളിവുകളൊന്നുമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. ഒക്ടോബറിലെ ഭരണഘടനാ കോടതിയുടെ വിധിയും സമാനമായ നിഗമനത്തിലെത്തിയിരുന്നു.

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന്, ഗിബ്രാനെതിരെ ഇംപീച്ച്മെന്റ് നടപടി ആവശ്യപ്പെട്ട് നൂറിലധികം നിയമനിര്‍മ്മാതാക്കള്‍ പാര്‍ലമെന്റില്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, താന്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയായിട്ടുണ്ടെന്ന് തെളിയിക്കാന്‍ അതുതന്നെ ധാരാളമാണെന്നുമായിരുന്നു ഗിബ്രാണിന്റെ വാദം.

തന്റെ വിദ്യാഭ്യാസ യോഗ്യതകളുടെ നിയമസാധുത തെളിയിക്കാന്‍ കോടതിയില്‍ അവസരം നല്‍കണമെന്ന് ചൊവ്വാഴ്ച അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായി സ്റ്റേറ്റ് സെക്രട്ടേറിയറ്റ് പ്രസേത്യോ ഹാദി വ്യക്തമാക്കിയിരുന്നു.

മുന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെയും നിലവിലെ പ്രസിഡന്റ് പ്രഭോവോ സുബിയാന്തോയുടെയും രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമായാണ് 2024-ലെ തിരഞ്ഞെടുപ്പില്‍ ഗിബ്രാണ്‍ അധികാരത്തില്‍ എത്തിയത്. പ്രായപരിധി നാല്‍പ്പതില്‍ നിന്ന് ഇളവ് ചെയ്തതോടെയാണ് 36 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഗിബ്രാണിന് മത്സരിക്കാന്‍ സാധിച്ചത്.

Read more

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് രാജിവച്ചു; കോലെറ്റ് ക്രെസിന് പകരം ചുമതല

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് രാജിവച്ചു; കോലെറ്റ് ക്രെസിന് പകരം ചുമതല

വാഷിങ്ടൺ: ചാരവിവാദത്തിന് പിന്നാലെ യുഎസിലെ ചിപ്പ് നിര്‍മാണ ഭീമനായ എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെന്‍സന്‍ ഹുവാങ്ങ്

ഓർമകൾ പങ്കുവച്ച് സോണിയ; ‘ബിലോങ്ങിങ്’ ചർച്ചയാകുന്നു

ഓർമകൾ പങ്കുവച്ച് സോണിയ; ‘ബിലോങ്ങിങ്’ ചർച്ചയാകുന്നു

ന്യൂഡൽഹി: ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലെ രസകരവും വ്യക്തിപരവുമായ അനുഭവങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. Belonging: A Journey of Love

ഗ്രീസിൽ പ്രണയസാഫല്യം; അനിരുദ്ധിന് സ്വന്തമായി കാവ്യ

ഗ്രീസിൽ പ്രണയസാഫല്യം; അനിരുദ്ധിന് സ്വന്തമായി കാവ്യ

ഏഥൻസ്: സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരായി. തമിഴ് സിനിമാ ലോകവും ആരാധകരും ഒരുപോലെ ആകാംക്ഷയോ