നിശ്ശബ്ദ താഴ് വാരത്തിലെ പൂത്തുലയുന്ന വസന്തം

0

ചാലക്കുടിക്കടുത്തെ കാട് കുറ്റി എന്ന സ്ഥലത്തു നിന്നുള്ള വാർത്തകൾ നമ്മെ അമ്പരിപ്പിക്കുകയോ, സന്തോഷിപ്പിക്കുകയോ, ദുഃഖിപ്പിക്കുകയാണോ എന്ന് ഇഴ പിരിച്ച് വേർതിരിച്ചെടുക്കാൻ കഴിയുന്നില്ല. ദുഖകരമെങ്കിലും ഏറെ സന്തോഷം നൽകുന്നതാണ് ഈ വാർത്ത. തയ്യൽ തൊഴിലാളിയായ ക്രിസ്റ്റിയുടെ രണ്ടാമത്തെ മകൾ ആൻ മരിയ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിയ സന്തോഷ വാർത്തയാണിത്. എന്നാൽ ഈ ഗംഭീര വിജയം നേടിയ വിദ്യാർത്ഥിനിയുടെ വ്യക്തിപരമായ പ്രത്യേകത പ്രത്യേകം തന്നെ കാണേണ്ടതാണ്.

ജന്മനാ ബധിരയും മൂകയുമായ ഈ പെൺകുട്ടി തൻ്റെ നിശ്ശബ്ദതയുടെ ലോകത്ത് നിന്നാണ് ഈ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത് എന്നത് ഏറെ കൗതുകകരമായ കാര്യം തന്നെയാണ്. ഈ വിജയത്തിൽ അഭിനന്ദിച്ച് രണ്ട് വാക്കുകൾ പറയാൻ ആൻമരിയയുടെ മാതാവിനോ പിതാവിനോ സഹോദരനോ കഴിയുകയില്ല എന്നതാണ് ദു:ഖകരമായ വസ്തുത. പിതാവായ ക്രിസ്റ്റിയും, മാതാവായ ടെസ്സിയും സഹോദരനായ അതുലും ആൻമരിയയെ പോലെ ബധിരരും മൂകരും തന്നെയാണ്. ഈ മൗന നൊമ്പരത്തിൽ നിന്ന് തന്നെ വിജയത്തിൻ്റെ സോപനം കയറിയ ആൻമരിയ എന്ന പെൺകുട്ടി നമ്മുടെ അഭിമാനമായി മാറിത്തീരുന്നത് വിജയത്തിളക്കത്തിൻ്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് തന്നെയാണ്.

അഭിനന്ദനങ്ങളുടെ പ്രവാഹം തേടിയെത്തുമ്പോഴും, ഒന്നും പറയാൻ കഴിയാതെ, തൻ്റെ വലത് കൈ ചെറുതായൊന്ന് വീശി നന്ദി പ്രകാശിപ്പിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്നത് ഇളം തെന്നൽ നൽകുന്ന കുളിര് തന്നെയാണ്.