കമ്പാലയിലെ തെരുവോരങ്ങളില്‍ കുട്ടികള്‍ ഇപ്പോള് ഭിക്ഷയാചിക്കാറില്ല ,വിശന്നുവലഞ്ഞാല്‍ ഒരു കഷ്ണം റോട്ടിക്ക് പോലും മോഷണം നടത്താറില്ല . തങ്ങളുടെ ഇല്ലയ്മകളെയും ,പട്ടിണിയും സ്വന്തം പ്രയത്നം കൊണ്ട് തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ ഉഗാണ്ടയിലെ ഈ കുട്ടികള്‍.കൊടിയ ദാരിദ്ര്യത്തിലും ഒരു കച്ചിതുരുമ്പ് പിടിച്ചു ജീവിതത്തില്‍ പൊരുതുന്ന ഈ കുട്ടികളുടെ ശ്രമങ്ങള്‍ ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ് . ഗെറ്റോ കിഡ്‌സ് എന്ന ഇവരുടെ നൃത്ത ബാന്‍ഡ് ആണ് ഇവരെ ഇപ്പോള്‍ പ്രശസ്തരാക്കിയിരിക്കുന്നത് . പട്ടിണിയും,ദുരിതങ്ങളും മാത്രം അറിഞ്ഞു വളര്‍ന്ന ഈ കുട്ടികള്‍ക്ക് ഇങ്ങനെ ഒരു ആശയം നല്‍കിയത് ദൗദ കവുമ എന്ന കമ്പാലയിലെ ഒരു സ്‌കൂള്‍ അധ്യാപകനാണ് . വംശീയ കലാപവും വറുതിയും മുഖമുദ്രയായ ഉഗാണ്ടയില്‍ പഠിത്തം പോയിട്ട് ഒരു നേരം വയറു നിറച്ചൊന്ന് കഴിക്കാന്‍ പോലും പല കുട്ടികള്‍ക്കും കഴിയാറില്ല .ഒരു നേരത്തെ അന്നം പോലും സ്വപ്നം മാത്രമായി അവശേഷിക്കുന്ന ഈ കുട്ടികളുടെ ദൈന്യത കണ്ടാണ് ദൗദ കവുമ ഇങ്ങനെ ഒരു വഴി അവര്‍ക്ക് മുന്നില്‍ തുറന്നു കൊടുത്തതു . നൃത്തം ചെയ്ത് നാടു ചുറ്റിയാല്‍ ഭക്ഷണത്തിനും പഠനത്തിനുമുള്ള പണം കിട്ടും എന്ന ചിന്തയായിരുന്നു ഇതിനു പിന്നില്‍ . കുട്ടികള്‍ക്ക് നൃത്തച്ചുവടുകള്‍ പഠിപ്പിച്ചു കൊടുക്കുന്നതും ദൗദ തന്നെ. പ്രശസ്തമായ മ്യൂസിക്ക് ബാന്‍ഡുകളുടെ പാട്ടുകള്‍ക്കൊപ്പം ചുവടുവച്ചായിരുന്നു തുടക്കം. ദൗദയുടെ ഈ നല്ല മനസിന്റെ ശ്രമം എന്തായാലും വെറുതെയായില്ല .ബാന്‍ഡ് വന്‍ ഹിറ്റ് ആകുക മാത്രമല്ല രാജ്യത്തെങ്ങുനിന്നും കുട്ടിനര്‍ത്തകരുടെ ബാന്‍ഡിന് വലിയ ഡിമാന്റായി.
എഡ് കെന്‍സോയുടെ സിതിയ ലോസ് എന്ന ഗാനത്തിന്റെ വരികള്‍ക്കൊപ്പമുള്ള ഡാന്‍സിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെ ഇവരുടെ കീര്‍ത്തി ലോകമെങ്ങുമെത്തി. പിന്നീട് ഇവരുടെ ആല്‍ബങ്ങള്‍ക്കുവേണ്ടി ആരാധകര്‍ കാത്തുനില്‍ക്കുന്ന അവസ്ഥയായി. ചുരുക്കിപറഞ്ഞാല്‍ ബാന്‍ഡ് അംഗങ്ങള്‍ ഇപ്പോള്‍ നാട്ടിലെ താരങ്ങളാണ് . ജസ്റ്റിന്‍ ബീബറുടെ സോറി എന്ന പ്രശസ്ത ഗാനത്തിനൊത്തുള്ള ഇവരുടെ നൃത്തം ഇന്റര്‍നെറ്റിനെ അക്ഷരാര്‍ഥത്തില്‍ തന്നെ ഇളക്കിമറിക്കുകയാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ ആല്‍ബം ഒരു കോടിയിലേറെപ്പേര്‍ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. എല്ലാ നല്ല കാര്യങ്ങള്‍ക്കും വിമര്‍ശനത്തിന്റെ ഒരു വശം നേരിടേണ്ടി വരാറുണ്ട് . ഗെറ്റോ കിഡ്സിനും അങ്ങനെ ചില വിമര്‍ശനഗലെ നേരിടേണ്ടി വന്നിടുണ്ട് . ഉഗാണ്ടയിലെ പട്ടിണിയെ പര്‍വതീകരിച്ച് കാണിച്ചു ഇവര്‍ സ്വയം പരിഹാസ്യര്‍ ആകുകയാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം . എന്നാല്‍ ജീവിതത്തിന്റെ എല്ലാ ദുരിതപര്‍വങ്ങളും ചെറുപ്പത്തിലെ അതിജീവിച്ച ഈ കുട്ടികള്‍ക്ക് അതൊന്നും കേട്ടുനില്‍ക്കാന്‍ നേരമില്ല .കാരണം പട്ടിണിയെ മാത്രമല്ല, ദു:ഖങ്ങളെയും ആടി തോല്‍പിക്കാനുള്ള കഠിനയത്‌നത്തിലാണവര്‍.