ടെഹ്റാൻ∙ ഇറാന്റെ ഉന്നത ആണവ, മിസൈല്‍ ശാസ്ത്രജ്ഞന്‍ മൊഹ്സീന്‍ ഫക്രിസദേ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനില്‍ മൊഹ്സീന്‍ ഫക്രിസദേ സഞ്ചരിച്ച കാറിനുനേരെ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ മൊഹ്സീനെ അംഗരക്ഷകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്സീന്‍ ഫക്രിസദേ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാന നോട്ടപ്പുള്ളികളിലൊരാളാണ്.
മൊഹ്സിൻ ഫക്രിസാദെയുടെ കൊലപാതകം ഏറ്റവും വലിയ പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് തലവൻ ഹൊസെയിൻ സലാമി പറഞ്ഞു. പശ്ചിമേഷ്യയിലെ മോശം രാഷ്ട്രീയ സാഹചര്യത്തിനിടയിലാണ് മൊഹ്സിന്റെ കൊലപാതകം സംഭവിച്ചിരിക്കുന്നത്.കൊലപാതകത്തിൽ ഇസ്രയേലിന് പങ്കുണ്ടെന്നും പ്രതികാരം ചെയ്യുമെന്നും ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ആരോപണത്തോട് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.