ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐ എസ് ഭീകരന്‍ പിടിയിൽ

0

ന്യൂഡല്‍ഹി: ഐഎസ് പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. കഴിഞ്ഞ രാത്രിയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ലക്ഷ്യമിട്ടത് ചാവേർ ആക്രമണത്തിനാണെന്നും.

അബു യൂസഫ് എന്നയാളെയാണ് വെള്ളിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിനൊടുവില്‍ ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി ഡല്‍ഹി പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. ഒരു തോക്കും പിടിച്ചെടുത്തു. സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ദില്ലിയിലെ ബുദ്ധജയന്തി പാർക്കിനു സമീപം പൊലീസും ഭീകരനുമായി ഏറ്റുമുട്ടലുണ്ടായത്. ഇയാൾ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് തിരിച്ചടിക്കുകയും ഏറ്റുമുട്ടലിനൊടുവിൽ ഇയാളെ കീഴ്പ്പെടുത്തുകയുമായിരുന്നു. ദില്ലിയിൽ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടതായി സൂചന ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ലോധി കോളനിയിലെ സ്പെഷ്യൽ സെല്ലിന്റെ ഓഫീസിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. പ്രതിയുടെ മുഖം മറച്ചുള്ള ദൃശ്യങ്ങൾ മാത്രമാണ് ഇപ്പോൾ പൊലീസ് പുറത്തുവിട്ടിട്ടുള്ളത്.