ജറുസലം ∙ കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡി വികസിപ്പിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി നഫ്താലി ബെന്നെറ്റ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ റിസര്‍ച്ചിലെ ഗവേഷകരാണ് ആന്റിബോഡി വികസിപ്പിച്ചതെന്നും ഇതിന് പേറ്റന്റ് നേടാനും വൻതോതില്‍ ഉത്പ്പാദനം നടത്താനുമുള്ള ശ്രമമാരംഭിച്ചുവെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി അറിയിച്ചു.
ശരീരത്തില്‍ കടന്ന വൈറസിനെ ആക്രമിച്ചു നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡിയാണു വികസിപ്പിച്ചതെന്നാണ് വിവരം. എന്നാല്‍ മനുഷ്യരില്‍ പരീക്ഷണം നടത്തിയോ എന്ന് വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. ആന്റിബോഡി വികസിപ്പിക്കല്‍ പൂര്‍ത്തിയായെന്നും പേറ്റന്റിങ്ങിനു ശേഷം വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി രാജ്യാന്തര കമ്പനികളെ സമീപിക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു.
ഐഐബിആറില്‍ വേര്‍തിരിച്ച ആന്റിബോഡി മോണോക്ലോണല്‍ ആണ്. രോഗമുക്തി നേടിയ ഒരു കോശത്തില്‍ നിന്നാണ് അത് വേര്‍തിരിച്ചെടുക്കുന്നത്. അതിനാല്‍ തന്നെ ചികിത്സാ രംഗത്ത് ഇതിന് കൂടുതല്‍ മൂല്യമുണ്ട്. പോളിക്ലോണല്‍ ആയ ആന്റിബോഡികള്‍ വികസിപ്പിച്ചുള്ള ചികിത്സകളാണ് മറ്റിടങ്ങില്‍ നടക്കുന്നത്. വ്യത്യസ്ത വംശപരമ്പരയിലെ രണ്ടോ അതിലധികമോ കോശങ്ങളില്‍ നിന്നാണ് പോളിക്ലോണല്‍ ആയ ആന്റിബോഡികള്‍ വേര്‍തിരിക്കുന്നത്.
വൈറസിന്റെ ജനിതകഘടനയും സ്വഭാവവും തിരിച്ചറിയാന്‍ കഴിഞ്ഞെന്നു മാര്‍ച്ചില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് വൈറസ് സാംപിളുകള്‍ ഇസ്രയേലില്‍ എത്തിച്ചത്. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക സുരക്ഷയോടെയാണ് മൈനസ് 80 ഡിഗ്രി സെല്‍ഷ്യസില്‍ ശീതീകരിച്ച സാംപിളുകള്‍ കൊണ്ടുവന്നത്.