ഇസ്രയേൽ-പലസ്തീൻ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 122 ആയതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ 31 കുട്ടികളും ഉൾപ്പെടുന്നു. 900ലധികം പേർക്കാണ് പരുക്കേറ്റത്.
വെള്ളിയാഴ്ച 10 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഗാസയിലെ വ്യോമാക്രമണത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് അധിനിവേശ വെസ്റ്റ് ബാങ്കിന് സമീപം വീണ്ടും ആക്രമണമുണ്ടായത്. സംഘർഷം തുടങ്ങിയതിന് ശേഷം പതിനായിരക്കണക്കിന് ആളുകൾ പലായനം ചെയ്‌തെന്നാണ് യുഎൻ പുറത്തുവിടുന്ന റിപ്പോർട്ട്.
അതേസമയം, അയൽരാജ്യമായ ലെബനൻ അതിർത്തിയിൽ രണ്ട് പലസ്തീൻ അനുകൂലികളെ ഇസ്രയേൽ സൈന്യം വെടിവെച്ച് കൊന്നു. സിറിയയിൽ നിന്ന് മൂന്നുതവണ റോക്കറ്റാക്രമണം ഉണ്ടായതായി ഇസ്രയേൽ വ്യക്തമാക്കി. അതിനിടെ സ്ഥിതിഗതികൾ വിലയിരുത്താൻ ഐക്യരാഷ്ട്ര രക്ഷാ സമിതി നാളെ വീണ്ടും യോഗം ചേരും.