പലസ്‌തീന് 10 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ നൽകുമെന്ന് ഇസ്രായേൽ

1

പലസ്‌തീന് 10 ലക്ഷം വാക്‌സിൻ ഡൊസുകൾ ഉടൻ കൈമാറുമെന്ന് ഇസ്രായേൽ. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ പുതിയ സര്‍ക്കാരാണ് പലസ്തീന് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസർ വാക്‌സിനാകും ഉടൻ കൈമാറുക.

അധിനിവേശ ശക്തിയെന്ന നിലയില്‍ ഇസ്രായേല്‍ പലസ്തീനികള്‍ക്ക് വാക്‌സിനുകള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടികാണിച്ചിരുന്നു. നിലവിൽ ഇസ്രായേലിലെ മുതിർന്ന ജനസംഖ്യയുടെ 85 ശതമാനവും വാക്‌സിൻ സ്വീകരിച്ചവരാണ്. 4.4 ലക്ഷം വരുന്ന പലസ്‌തീനികൾക്ക് വാ‌ക്‌സിൻ നൽകാത്തതിൻ ഇസ്രായേലിനെതിരെ വിമർശനം ശക്തമായിരുന്നു.

ഇതുവരെ വെസ്റ്റ്ബാങ്കിലെ 3,80,000 പേർക്കും ഗാസയിലെ 50,000 പേർക്കും വാക്‌സിൻ നൽകിയിട്ടുണ്ട്. ഇരുപ്രദേശത്തുമായി ഇതുവരെ 3,00,000 പേർക്കാണ് കോവിഡ് ബാധിച്ചത്. 3545 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെ‌യ്‌തിരുന്നു.

ഇസ്രായേലിൽ ജോലി ചെയ്യുന്ന വെസ്റ്റ്ബാങ്കിലെ ഒരു ലക്ഷത്തോളം പലസ്തീനികൾക്കും മുമ്പ് വാക്സിൻ നൽകിയിരുന്നു.ലോകത്ത് ഏറ്റവും വിജയകരമായ രീതിയിൽ വാ‌ക്സിനേഷൻ നടപ്പിലാക്കിയ ഇസ്രായേലിൽ ജനജീവിതം സാധാരണ രീതിയിലാണിപ്പോൾ. മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും ഇവിടെ കഴിഞ്ഞ ആഴ്‌ച്ച നീക്കം ചെയ്‌തിരുന്നു.