ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്
ജെറുസലേം: ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്. ഹൈഫയിലെ വാദി അല്‍ നിസ്‌നാസ് പരിസരത്താണ് സംഭവം. ഇസ്രയേല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സാന്റാ ക്ലോസ വേഷമണിഞ്ഞ് നില്‍ക്കുന്ന യുവാക്കളെ മര്‍ദിക്കുന്നതിന്റെയും അറസ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. പലസ്തീനില്‍ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ വിവിധയിടങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ അതിക്രമങ്ങളുണ്ടായി എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല ക്രിസ്ത്യന്‍ സമൂഹത്തിന് ആശംസകളുമായി യേശുവിന്റെ ജന്മസ്ഥലവും പലസ്തീനില്‍ ക്രിസ്ത്യന്‍ സ്വത്വത്തിന്റെ പ്രതീകവുമായ ബേത്ലഹേമിലെ മാംഗര്‍ സ്‌ക്വയറിലെത്തി. ക്രിസ്ത്യാനികളും മുസ് ലിങ്ങളുമുള്‍പ്പെടെ ആയിരക്കണക്കിന് പലസ്തീനികളെ അദ്ദേഹം അഭിസംബോധന ചെയ്തു. 'ഈ വര്‍ഷത്തെ ക്രിസ്മസ് സന്ദേശം കഷ്ടപ്പാടില്‍ നിന്നും സഹനത്തില്‍ നിന്നും വേര്‍തിരിക്കാനാവാത്തതാണ്. നമ്മള്‍ വെളിച്ചമാകാന്‍ തീരുമാനിക്കുകയാണ്. ബെത്‌ലഹേമിന്റെ വെളിച്ചം ലോകത്തിന്റെ വെളിച്ചമാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്.