ഇസ്രയേലിന്റെ മിസൈൽ ആക്രമണം: ലക്ഷ്യം വച്ചത് മുതിർന്ന ഹിസ്ബുല്ല കമാൻഡറെ

0

സായുധ സംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ചൊവാഴ്ച രാത്രി ബെയ്റൂട്ടിൽ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് എക്സിലൂടെ അറിയിച്ചു. ഒരു മുതിർന്ന ഹിസ്ബുല്ല കമാൻഡറെ ലക്ഷ്യം വച്ചാണ് മിസൈൽ ആക്രമണം നടന്നതെന്ന് ലെബനൻ സുരക്ഷാ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഹിസ്ബുല്ലയുടെ ഏറ്റവും മുതിർന്ന സൈനിക കമാൻഡർ ഫുആദ് ഷുക്കറിനെ ഇല്ലാതാക്കിയെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. അതേസമയം ഹിസ്ബുല്ലയും ലെബനീസ് അധികൃതരും ഇതുവരെ കമാൻഡറുടെ മരണം സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ തെക്കൻ ബെയ്റൂട്ടിലെ ശക്തികേന്ദ്രമായ ഷൂറ കൗൺസിലിന് ചുറ്റുമുള്ള പ്രദേശത്തെ ലക്ഷ്യം വച്ചാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്.

ശനിയാഴ്ച ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ റോക്കറ്റ് ആക്രമണത്തിൽ ഡ്രൂസ് ഗ്രാമത്തിൽ 12 ഇസ്രയേലി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് ഇസ്രയേൽ പ്രത്യാക്രമണം നടത്തിയത്.