ഇസ്രയേലിനെതിരെ ആണവ യുദ്ധ ഭീഷണിയുമായി ഇറാൻ

0

നിലനിൽപിനു വേണ്ടിയുള്ള യുദ്ധത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് ആയ ഇറാൻ അതിന്‍റെ ആണവ സിദ്ധാന്തം പൊളിച്ചെഴുതുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഉപദേഷ്ടാവ് കമാൽ ഖരാസി. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ബ്രോഡ്കാസ്റ്റർ അൽ-മായാദീനോടാണ് ഇസ്രയേലിനെതിരെ ആണവായുധ പ്രയോഗം നടത്തുന്നത് ആലോചനയിലാണെന്ന വിവരം ഖരാസി വെളിപ്പെടുത്തിയത്. പരമോന്നത നേതാവിന്‍റെ ഫത്വയുള്ളതിനാലാണ് തങ്ങൾ ഇതു വരെ ആണവായുധപ്രയോഗം നടത്താത്തതെന്നും ഇറാൻ അതിജീവനത്തിന് ഗുരുതര ഭീഷണി നേരിടുകയാണെങ്കിൽ തങ്ങൾ ഈ ഫത്വ പുനർവിചിന്തനം ചെയ്യുമെന്നുമാണ് ഖരാസി ടെഹ്റാൻ ടൈംസിനോട് വിശദമാക്കിയത്.

2000ത്തിന്‍റെ തുടക്കത്തിലാണ് ഒരു ഫത്വയിലൂടെ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് ആയത്തുള്ള അലി ഖമീനി നിരോധിച്ചത്.2019ൽ അമെരിക്കയുടെ നിർബന്ധത്തിനു വഴങ്ങി ഖമീനി അതു വീണ്ടും പുതുക്കി.അണു ബോംബുകൾ നിർമിക്കുന്നതും സംഭരിക്കുന്നതും തെറ്റാണെന്നും അത് ഉപയോഗിക്കുന്നത് ഹറാമാണെന്നുമാണ് അന്ന് ഖമീനി പറഞ്ഞത്.എന്നാൽ പിന്നീടിങ്ങോട്ട് രാജ്യത്തിന്‍റെ ആണവ സിദ്ധാന്തം ഉയർത്തിക്കാട്ടുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ആവർത്തിച്ചു ഭീഷണിപ്പെടുത്തുന്നതാണ് ലോകം കണ്ടത്. കഴിഞ്ഞയാഴ്ചയാണ് ഇസ്രയേലിന്‍റെ തിരിച്ചടിക്ക് ഇറാൻ ഉചിതമായ സമയത്തും രീതിയിലും പ്രതികരിക്കും എന്ന് ഖരാസി ആവർത്തിച്ചത്.ടെഹ്റാൻ അതിന്‍റെ ബാലിസ്റ്റിക് മിസൈലുകളുടെ പരിധി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഖരാസി ദി ടെലിഗ്രാഫിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.