ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-08 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. സ്‌മോള്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( SSLV-D3) ലോഞ്ച് പൂര്‍ണമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്നാണ് 9.17ന് EOS-08 കുതിച്ചുയര്‍ന്നത്.
എസ്എസ്എല്‍വിയുടെ മൂന്നാമത്തേതും അവസാനത്തേതുമായ വിക്ഷേപണമാണ് ഇന്ന് നടന്നത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. ഒരു വര്‍ഷമാണ് EOS-08ന്റെ പ്രവര്‍ത്തന കാലാവധി. ഇതില്‍ മൂന്ന് നിരീക്ഷണ ഉപകരണങ്ങളാണുള്ളത്. 175.5കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.
റോക്കറ്റ് കൃത്യമായി തന്നെ ഉപഗ്രഹത്തെ ഓര്‍ബിറ്റിലെത്തിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പ്രതികരിച്ചു. എസ്എസ്എല്‍വി ദൗത്യങ്ങള്‍ പൂര്‍ണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഎസ്എല്‍വിയ്ക്കും ജിഎസ്എസ്എല്‍വിയ്ക്കും പുറമേ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന മൂന്നാമത്തെ വിക്ഷേപണ വാഹനമാണ് എസ്എസ്എല്‍വി.