പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് സ്ഥാപിച്ചവരെ ഇന്ന് കണ്ടെത്തിയേക്കും

0

പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സംഭവത്തില്‍ കരണക്കാരായവരെ ഇന്ന് കണ്ടെത്തിയേക്കും. വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിച്ച് ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകുമെന്നാണ് സൂചന. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ജാമ്യം കിട്ടാവുന്ന വകുപ്പു ചേര്‍ത്താണ് ടൗണ്‍ സൗത്ത് പൊലീസ്​ കേസെടുത്തത്. ഭരണഘടനാ സ്ഥാപത്തിന് മുകളില്‍ മത ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന ഫ്ളക്സ് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭ സെക്രട്ടറി രഘുരാമനാണ് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്.

ഐ.പി.സി 153ാം വകുപ്പ് പ്രകാരം ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളക്ക്​ കാരണമാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നതാണ് കേസ്. ഒരുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യത്തില്‍ ബി.ജെ.പി പോളിങ്​ ഏജന്‍റുമാരും നിയുക്​ത കൗൺസിലർമാരും ഉള്‍പ്പടെ പത്തോളം പേര്‍ പ്രതികളാവും. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാവും പ്രതിചേര്‍ക്കുക. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

ബുധനാഴ്ച തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നതിനു പിന്നാലെയാണ് പാലക്കാട് നഗരസഭ കെട്ടിടത്തിന്​ മുകളിൽ ബിജെപി പ്രവര്‍ത്തകര്‍ ‘ജയ്​ശ്രീറാം’ ബാനർ ഉയർത്തിയത്.​ വോട്ടെണ്ണൽ കേന്ദ്രം കൂടിയായിരുന്ന നഗരസഭ ഓഫിസിന്റെ ഒരുഭാഗത്ത് ‘ജയ് ശ്രീറാം’ എന്ന ബാനറും മറ്റൊരു ഭാഗത്ത് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങളുള്ള ബാനറുമാണ് ഉയർത്തിയത്. പൊലീസെത്തി ഫ്ലക്സ് നീക്കിയെങ്കിലും പരാതി ലഭിക്കാതെ കേസെടുക്കില്ലെന്നായിരുന്നു ആദ്യ നിലപാട്. സംഭവത്തിൽ പരാതി നൽകില്ലെന്ന നിലപാടിലായിരുന്നു നഗരസഭ സെക്രട്ടറി രഘുരാമൻ. അതിനിടെ, കോണ്‍ഗ്രസും വി.കെ. ശ്രീകണ്​ഠൻ എം.പിയും ആദ്യം പരാതി നൽകി. പിന്നാലെ സി.പി.എമ്മും പരാതിയുമായെത്തി. വ്യാഴാഴ്​ച രാത്രിയോടെയാണ്​ നഗരസഭ സെക്രട്ടറി പരാതിനൽകിയത്​. തുടർന്ന്​ രാത്രി 9.30 ഓടെ കേസ്​ രജിസ്​റ്റർ ചെയ്യുകയായിരുന്നു​.

അതേസമയം, നഗരസഭാ കെട്ടിടത്തിന് മുകളില്‍ ഡിവൈഎഫ്‌ഐ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പ്രകടനം നടത്തിയതിനും ഗതാഗതം തടസപെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാത്രമാണ് വോട്ടെണ്ണല്‍ ദിവസം നഗരസഭാ വളപ്പില്‍ പ്രവേശിച്ചതെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ ആര്‍എസ്‌സ് നേതാക്കളും ബിജെപി നേതാക്കളും നഗരസഭാ വളപ്പില്‍ ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു എന്നാണ് ഇന്റലിജന്റസ് റിപ്പോര്‍ട്ട്.

52 വാർഡുകളുള്ള നഗരസഭയിൽ ഇക്കുറി കേവല ഭൂരിപക്ഷത്തിനാവശ്യമായ 27 സീറ്റുകളിൽ ഒരെണ്ണമധികം നേടിയാണ് ബി.ജെ.പി ഭരണത്തുടർച്ച നേടിയത്​​. കഴിഞ്ഞ തവണ 24 സീറ്റാണുണ്ടായിരുന്നത്. യു.ഡി.എഫിന്​ 12 സീറ്റുകളും എൽ.ഡി.എഫിന്​ ആറുസീറ്റുകളുമാണുള്ളത്​.