കണ്ണൂർ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ ഗുളിക കൊടുത്ത് മയക്കി ജയിൽ ചാടാന്‍ തവുകാരുടെ ശ്രമം. ചായയിൽ ഉറക്കഗുളിക ചേർത്തു ഉദ്യോഗസ്ഥർക്കു നൽകിയ മയക്കിയ ശേഷമായിരുന്നു മൂന്നു റിമാൻഡ് പ്രതികൾ ജയിലിൽ നിന്നും രക്ഷപ്പെടാൻ നീക്കം നടത്തിയത്.
മാനസിക അസ്വാസ്ഥ്യമുള്ള തടവുകാര്‍ക്ക് മയങ്ങാന്‍ നല്‍കുന്ന മരുന്ന് ഉദ്യോഗസ്ഥര്‍ക്ക് ചായയില്‍ കലര്‍ത്തി നല്‍കിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാൽ അടുക്കളയിലെ സിസിടിവി പരിശോധനയിൽ മൂന്നു തടവുകാരുടെ ഗൂഢാലോചനയും മറ്റും വെളിപ്പെടുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
ജയിലിൽ അടുക്കളജോലി ചെയ്യുന്ന റഫീഖ്, അഷ്റഫ് ഷംസീർ, അരുൺ എന്നീ തടവുകാരാണ് ഉദ്യോഗസ്ഥരെ ഉറക്കി രക്ഷപെടാൻ ശ്രമിച്ചത്. ഡപ്യൂട്ടി പ്രിസൺ ഓഫിസർ സുകുമാരൻ, അസി. പ്രിസൺ ഓഫിസർമാരായ യാക്കൂബ്,ബാബു, താൽക്കാലിക വാർഡൻ പവിത്രൻ എന്നിവരാണു രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവർ ചായ കുടിച്ചതോടെ ഉറങ്ങിപ്പോയി. അടുക്കള ജോലിയുണ്ടായിരുന്ന മറ്റു തടവുകാരും ഉറങ്ങി.
ഇതോടെ താക്കോൽ കൈവശപ്പെടുത്തി പ്രധാന ഗേറ്റിന് സമീപം വരെ റഫീഖും കൂട്ടരും എത്തി. എന്നാൽ അവിടെവെച്ച് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ അസി. പ്രിസൺ ഓഫീസർ അജിത്ത് ഇവരെക്കണ്ട് ചോദ്യം ചെയ്തു. പൈപ്പിൽ വെള്ളം വരാത്തത് പരിശോധിക്കാൻ ഇറങ്ങിയെന്നായിരുന്നു ഇവരുടെ മറുപടി. സംശയമൊന്നും തോന്നാത്തതിനാൽ അജിത്ത് കൂടുതൽ പരിശോധനയൊന്നും നടത്തിയില്ല. തടവ് ചാടാനെത്തിയവർ തിരികെപ്പോകുകയും ചെയ്തു.
എന്നാൽ, സംശയം തോന്നിയ ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ അടുക്കളയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് തടവുചാടൽ ശ്രമം പുറത്തായത്.റഫീഖ്, അഷ്റഫ് ഷംസീർ, അരുൺ എന്നിവർ അടുക്കളയിൽ ഗൂഢാലോചന നടത്തുന്നതും, റഫീഖ് മടിക്കുത്തിലെ പൊതി തുറന്ന് ഉദ്യോഗസ്ഥർക്കുള്ള ചായയിൽ പൊടി കലർത്തുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുകയായിരുന്നു. സംഭവത്തെ തുടർന്ന് മൂവരെയും ഇവരെ ജയിലിലെ പ്രത്യേക സെല്ലിലേക്കു മാറ്റി. ജയിൽ അധികൃതരുടെ പരാതിയിൽ മൂന്നു പേർക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. റഫീഖ് പിടിച്ചുപറിക്കേസിലും അഷ്റഫ് കഞ്ചാവ് കേസിലും അരുൺ കൊലക്കേസ് പ്രതിയുമാണ്.