ജാലിയൻ വാലാബാഗും അവരെടുക്കുന്നു…

0

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ് ജാലിയൻ വാലാബാഗ്. ദേശാഭിമാനബോധമുള്ള ഓരോ ഭാരതീയൻ്റെയും സിരകളിലൊഴുകുന്ന രക്തത്തെ ത്രസിപ്പിക്കുന്ന ഉജ്വലമായ ചരിത്ര സംഭവത്തിൻ്റെ അണയാത്ത ആവേശം തലമുറകൾക്ക് കൈമാറുന്നതാണ് ജാലിയൻ വാലാബാഗ് സ്മാരക സമുച്ചയം. ഭരണം കച്ചവടമാകുമ്പോൾ ചരിത്രവും വില്പന ചരക്കാകുന്ന ചന്തക്കാഴ്ചകളായി മാറിത്തീരുകയാണ് വർത്തമാനകാലം. ചരിത്ര സ്മാരകങ്ങൾ വിപണന കേന്ദ്രങ്ങളോ പ്രദർശനശാലകളോ അല്ല.

ചരിത്രത്തോടും ദേശാഭിമാനികളായ രക്തസാക്ഷികളോടും ആദരവ് പ്രകടിപ്പിക്കാനും അവരുടെ ദീപ്തമായ സ്മരണകൾ അയവിറക്കാനും തലമുറകൾക്ക് കൈമാറാനുമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ തന്നെയാണ്. എന്നാൽ വർത്തമാനഭാരതത്തിലെ ഭരണാധികാരികൾ ഇത്തരം ചരിത്ര സ്മാരകങ്ങളെ ഒന്നൊന്നായി നശിപ്പിക്കുകയാണ്.

ഗാന്ധിജിയുടെ പ്രിയപ്പെട്ട സബർമതി ആശ്രമം കോൺക്രീറ്റ് സൗധമാക്കി പണിയാൻ തുനിയുന്ന ഇവർ ഇപ്പോൾ കണ്ണ് വെച്ചിരിക്കുന്നത് ജാലിയൻ വാലാബാഗ് ചരിത്ര സമുച്ചയത്തെയാണ്. ജാലിയൻ വാലാബാഗിൻ്റെ കറുത്ത ഓർമ്മകളെ പൂന്തോട്ടങ്ങൾ വെച്ച് പിടിപ്പിച്ച് ദൃശ്യ മനോഹരമാക്കാമെന്നാണ് ചരിത്രബോധം തൊട്ടു തീണ്ടാത്തവരുടെ തീരുമാനം.

ജാലിയൻ വാലാബാഗിൻ്റെ ചെറിയ ഇടനാഴിയെ വലുതാക്കുക എന്നു പറഞ്ഞാൽ അതിൻ്റെ അർത്ഥം ജാലിയൻ വാലാബാഗിൻ്റെ ഉജ്വലമായ സ്മരണയെ മായ്ച്ചു കളയുക എന്ന് തന്നെയാണ്. ആ ചെറിയ ഇടനാഴിയാണ് ആയിരങ്ങളുടെ ദേശാഭിമാനബോധത്തിൻ്റെയും ആത്മത്യാഗത്തിൻ്റെയും ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരമായ വേട്ടകളുടെയും ചരിത്ര ഗാഥകൾ നമ്മെ നിരന്തരമായി ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ചരിത്ര സ്മാരകങ്ങൾ ലൈറ്റ് ആൻ്റ് സൗണ്ട് ഷോ നടത്താനുള്ള വേദിയല്ല, അതിന് ഉത്തമം ചന്തപ്പറമ്പുകളാണെന്ന് ഈ ഭരണാധികാരികൾ എന്നാണാവോ തിരിച്ചറിയുക. ചരിത്രവും കോർപ്പറേറ്റ് വൽക്കരിക്കാനുള്ള സർക്കാറിൻ്റെ തീരുമാനത്തിനെതിരെ പ്രതിഷേധത്തിൻ്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ചരിത്രത്തോട് നീതി പുലർത്തിയില്ലെങ്കിലും കൊഞ്ഞനം കുത്തുന്നത് ശരിയല്ലെന്ന് ഓർമ്മപ്പെടുത്തട്ടെ.