ജമ്മു കശ്മീരിൽ വൻകിട പദ്ധതികളും ലക്ഷ്യമിട്ട് ദുബായ് നിക്ഷേപം നടതാനൊരുങ്ങുന്നു. റിയൽ എസ്റ്റേറ്റ് വികസനവും വ്യവസായ പാർക്ക് ഉൾപ്പെടെയുള്ള നിരവധിപദ്ധതികളാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണു പദ്ധതി.
ഉൽപന്ന വിപണനത്തിനു പുറമേ, ഗതാഗത മേഖലയിലെ പദ്ധതികൾ, സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി, മെഡിക്കൽ കോളജ്, ഐടി ടവറുകൾ തുടങ്ങിയവയ്ക്കെല്ലാം ധാരണയായിട്ടുണ്ടെന്ന് ലഫ്.ഗവർണർ മനോജ് സിൻഹ അറിയിച്ചു.
ദുബായ്ക്കു വേണ്ടി ഡിപി വേൾഡ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം ജമ്മു കശ്മീർ സർക്കാരുമാ യി ധാരണാപത്രം ഒപ്പിട്ടു. കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയലും സന്നിഹിതനായിരുന്നു.
ചരക്കുനീക്കം, തുറമുഖ പ്രവർത്തനങ്ങൾ, സ്വതന്ത്ര വ്യാപാര മേഖല എന്നീ രംഗങ്ങളിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര കമ്പനിയാണു ഡിപി വേൾഡ്. ഇന്ത്യയുടെ മറ്റുമേഖലകളുമായും ലോകവുമായും ജമ്മു കശ്മീരിനെ കൂടുതൽ ബന്ധിപ്പിക്കുമെന്നും മേഖലയിലെ എല്ലാ വെല്ലുവിളികളും മനസ്സിലാക്കിക്കൊണ്ടാണു നിക്ഷേപമെന്നും സുൽത്താൻ അഹമ്മദ് പറഞ്ഞു. കശ്മീരിൽ നിന്ന് ധാരാളം ഉൽപന്നങ്ങൾ ലോകവിപണിയിലേക്ക് എത്തിക്കും. കശ്മീർ പരവതാനികളും പച്ചക്കറി-പഴവർഗങ്ങളും രാജ്യാന്തര നിലവാരത്തിലുള്ളതാണ്.
23 മുതൽ ശ്രീനഗർ വിമാനത്താവളം രാജ്യാന്തരവിമാനത്താവളമാകുന്നത് ഇക്കാര്യങ്ങളിൽ സഹായകരമാണെന്നും അഭിപ്രായപ്പെട്ടു. യുഎഇ നിക്ഷേപം കശ്മീരിലെ ജീവിത നിലവാരം ഉയരാൻ സഹായിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി പറഞ്ഞു.