ടോക്യോ: പ്രണയം സാഫല്യത്തിനായി കോടികളുടെ സമ്മാനവും രാജകുമാരിയുടെ പദവിയും വേണ്ടെന്നുവെച്ചിരിക്കുകയാണ് ജപ്പാൻ രാജകുമാരി മാകോ. കാമുകൻ കെയ് കൊമുറോയെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ് അവർ. വിവാഹത്തിനുശേഷം യു എസിലായിരിക്കും ഇരുവരും താമസിക്കുക എന്നാണ് റിപ്പോർട്ട്.
രാജകുടുംബത്തിലെ പെൺകുട്ടികൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ രാജകീയപദവികളും അധികാരങ്ങളും നഷ്ടമാകുമെന്നാണ് നിയമം. മാകോയ്ക്ക് രാജകുമാരിയുടെ പദവിയും സൗകര്യങ്ങളും നഷ്ടമാവും. അതുകൊണ്ടുതന്നെ മാകോ- കൊമുറോ പ്രണയകഥ രാജ്യാന്തരതലത്തിൽ തന്നെ ഏറെക്കാലമായി ശ്രദ്ധനേടിയിരുന്നു.
ജപ്പാനിലെ ഇപ്പോഴത്തെ രാജാവ് അകിഷിനോയുടെ മകളും അകിഹിതോ ചക്രവർത്തിയുടെ പേരക്കുട്ടിയുമാണ് 29 കാരി മാകോ. രാജകുടുംബത്തിലെ നിയമങ്ങൾ അവഗണിച്ചാണ്, നിയമരംഗത്ത് ജോലിചെയ്യുന്ന കെയ് കൊമുറോ എന്ന സാധാരണക്കാരനെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത്. ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ സർവകലാശാലയിൽ നിയമപഠനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു.
നിബന്ധനകളോടെ വിവാഹത്തിന് സമ്മതിക്കാമെന്നായിരുന്നു രാജാവ് അകിഷിനോ പറഞ്ഞത്. എന്നാൽ നിബന്ധനകൾ അംഗീകരിക്കില്ലെന്നും പരമ്പരാഗത ആചാരങ്ങളില്ലാതെ, രാജകുടുംബത്തിൽനിന്നുള്ള കോടിക്കണക്കിന് രൂപയുടെ സമ്മാനം നിരസിച്ച് വിവാഹം ലളിതമാക്കാനാണ് ഇവരുടെ തീരുമാനം. ആചാരപ്രകാരം മാകോയ്ക്ക് രാജകുടുംബത്തിൽനിന്ന് ലഭിക്കേണ്ടത് 8.76 കോടി രൂപ (137 മില്ല്യൺ യെൻ) ആണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുവരും വിവാഹിതരാവുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും രാജകുടുംബത്തിലെ എതിര്‍പ്പുകളേയും തടസ്സങ്ങളും വിവാഹം വൈകിപ്പിച്ചു. അതിനിടെ കൊമുറോ ഉന്നതനിയമപഠനത്തിനായി അമേരിക്കയിലേക്ക് പോയതും വിവാഹം വൈകുന്നതിന് മറ്റൊരു കാരണമായി. 2018 നവംബറില്‍ ഇരുവരും വിവാഹിതരാവുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അത് പിന്നീട് മാറ്റിവെച്ചിരുന്നു. തീയതി അടക്കം പ്രഖ്യാപിച്ച രാജകീയ വിവാഹത്തിന് മാറ്റം വരുന്നത് ജപ്പാന്‍ ചരിത്രത്തില്‍ തന്നെ അപൂർവ സംഭവമായിരുന്നു.
രാജകുടുംബത്തിലെ വനിതാ അംഗങ്ങള്‍ സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ അവരുടെ രാജകീയ പദവികളും അധികാരങ്ങളും നഷ്ടമാകുമെങ്കിലും രാജകുടുംബത്തിലെ പുരുഷന്മാര്‍ക്ക് ഈ നിയമം ബാധകമല്ല. അതേസമയം മാകോ-കോമുറോയുടെ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ജപ്പാനിലെ സോഷ്യല്‍ മീഡിയയില്‍ മാകോ-കോമുറോ പ്രണയും വിവാഹവും വീണ്ടും ചര്‍ച്ചയായി തുടങ്ങിയിട്ടുണ്ട്.