ജപ്പാന്‍ ചോദിക്കുന്നു; പഴയ മൊബൈല്‍ ഫോണുകള്‍ ഉണ്ടോ? ഞങ്ങള്‍ക്ക് ഒളിംപിക്‌സ് മെഡല്‍ നിര്‍മിക്കാന്‍

0

ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഒന്നിക്കുന്ന കായിക മാമാങ്കമാണ് ഒളിമ്പിക്സ് .ഇനി വരുന്ന 2020-ലെ ഒളിംപിക്‌സിന് ആതിഥേയത്വം ജപ്പാനാണ് .അതിനു വേണ്ട മുന്നൊരുക്കങ്ങളില്‍ ആണ് ഇപ്പോള്‍ ജപ്പാന്‍ .ലോകം മുഴുവന്‍ ടോക്യോയിലേക്ക് എത്തുമ്പോള്‍ ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ക്ക് വേണ്ട മെഡലുകള്‍ നിര്‍മ്മിക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ജപ്പാന്‍ .അതിനായി പഴയ മൊബൈല്‍ ഫോണുകള്‍ ആവശ്യപെട്ടിരിക്കുകയാണ് ജപ്പാന്‍ .

സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളാണുള്ളത് ഒളിമ്പിക്സിന് .ഒളിംപിക്‌സ് ജേതാവ് നേടുന്ന സ്വര്‍ണ മെഡലിന്റെ മൂല്യം വിലമതിക്കാനാവാത്തതാണെങ്കിലും ആറു ഗ്രാം സ്വര്‍ണവും ബാക്കി വെള്ളിയും കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 60 എംഎം എങ്കിലും വിസ്താരവും 3 എംഎം എങ്കിലും കനവും ഉണ്ടാവും ഒരു സ്വര്‍ണ മെഡലിന്.അയ്യായിരത്തോളം മെഡലുകള്‍ ജേതാക്കള്‍ക്കെല്ലാം വേണ്ടി വരും. എട്ടു ടണ്ണോളം ലോഹങ്ങളാണ് ഇതിനു വേണ്ടി വരിക. ആവശ്യമില്ലാത്ത ഗാഡ്ജറ്റുകളില്‍ നിന്ന് ഈ ലോഹങ്ങള്‍ സ്വീകരിക്കാനുള്ള പദ്ധതിയിലാണ് ജാപ്പനീസ് അധികൃതര്‍. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിലുള്ള പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡിലെ പ്രധാന ലോഹം സ്വര്‍ണമാണ്. ഇത്തരത്തില്‍ നിരവധി ലോഹങ്ങള്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

ഒരു ടണ്‍ ഇലക്ട്രോണിക് വേസ്റ്റില്‍ 300 ഗ്രാം സ്വര്‍ണം അടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ ലോകത്തെ ഏഴു ശതമാനം സ്വര്‍ണവും ഇലക്ട്രോണിക് ഗാഡ്ജറ്റുകളിലാണുള്ളത്. ജപ്പാന്‍ പോലെ ഇ വേസ്റ്റുകളുണ്ടാകുന്ന രാജ്യത്ത് പഴയ ഉപകരണങ്ങള്‍ ശേഖരിക്കാന്‍ ബോക്‌സുകള്‍ സ്ഥാപിക്കുകയാണ് പദ്ധതി. ഇ വേസ്റ്റുകളുടെ നിര്‍മാണത്തിനൊപ്പം ലോഹസങ്കരങ്ങളുടെ പുനരുപയോഗവും ഉറപ്പുവരുത്താം.

റിയോ ഒളിംപിക്‌സിലും 30 ശതമാനം മെഡലുകള്‍ നിര്‍മിച്ചത് പാഴ്‌വസ്തുക്കളുടെ പുനരുപയോഗത്തില്‍ നിന്നായിരുന്നു. ഒളിംപിക്‌സ് സ്‌പോണ്‍സറായ ഡോകോമോയുടെ സ്റ്റോറുകളിലാണ് ബോക്‌സുകള്‍ സ്ഥാപിക്കുക. 40 കിലോ സ്വര്‍ണം, 2,920 കിലോ വെള്ളി, 2,994 കിലോ വെങ്കലം എന്ന കണക്കില്‍ ലോഹം സംഭരിക്കണം. ഇതിനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.