ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യം ഭരണം നിലനിർത്തുമ്പോൾ ചരിത്രംവ കുറിക്കുകയാണ് ധനഞ്ജയ് കുമാർ. ജെഎൻയുവിൽ ആദ്യമായാണ് ഒരു ദളിത് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ബിഹാറിലെ ഗയയിൽ നിന്നുള്ള ദലിത് വിദ്യാർഥി തേതാവും ഐസ സംഘടനാ പ്രതിനിധിയുമായ ധനഞ്ജയ് കുമാർ എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീരയെയാണ് പരാജയപ്പെടുത്തിയത്. 27 വർഷത്തിനു ശേഷമാണു ദലിത് വിഭാഗത്തിൽ നിന്നൊരാൾ ജെഎൻഎയു വിദ്യാർഥി യൂണിയൻ പ്രസിഡന്റാകുന്നത്.
ധനഞ്ജയ്ക്ക് 2598 വോട്ടുകൾ ലഭിച്ചപ്പോൾ ഉമേഷ് ചന്ദ്രക്ക് 1676 വോട്ടാണ് ലഭിച്ചത്. 1996 ന് ശേഷം ആദ്യമായിട്ടാണ് പദവിയിലേക്ക് ദളിത്പക്ഷത്ത് നിന്നും ഒരാൾ എത്തുന്നത്. ഇടതുപക്ഷ പിന്തുണയുള്ള ഗ്രൂപ്പുകളിൽ നിന്നാണ് ധനജ്ഞയെ ഞായറാഴ്ച തെരഞ്ഞെടുത്തത്. ജെഎൻയു യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് എസ്തറ്റിക്സിൽ നിന്ന് പിഎച്ച്ഡി വിദ്യാർത്ഥിയാണ് ധനഞ്ജയ് കുമാർ. 1996-97ൽ തിരഞ്ഞെടുക്കപ്പെട്ട ബട്ടിലാൽ ബൈർവയ്ക്ക് ശേഷം ഇടതുപക്ഷത്തിൽ നിന്നുള്ള ആദ്യ ദളിത് പ്രസിഡന്റാണ് ധനഞ്ജയ്.
ജെഎൻയുഎസ്‌യു പ്രസിഡൻഷ്യൽ സംവാദത്തിനിടെ കാമ്പസിലെ വെള്ളം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാഗ്ദാനം നൽകുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയ വിദ്യാർത്ഥി നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്നും ധനഞ്ജയ് കുമാർ പറഞ്ഞിരുന്നു.
നാല് വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമാണ് ജെഎൻയുവിൽ നടന്നത്. എബിവിപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളും ഇടതുപക്ഷം കരസ്ഥമാക്കി.ജനറൽ സെക്രട്ടറിയായി പ്രിയാൻഷി ആര്യ വിജയിച്ചു. 2887 വോട്ടുകളാണ് പ്രിയാൻഷി ആര്യ നേടിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ, ബിഎപിഎസ്എ സ്ഥാനാർത്ഥിയായിട്ടാണ് ആര്യ മത്സരിച്ചത്. എബിവിപിയുടെ അർജുൻ ആനന്ദിന് 1961 വോട്ടുകൾ ലഭിച്ചു. ജോയന്റ് സെക്രട്ടറിയായി ഇടതു സ്ഥാനാർത്ഥി എം ഒ സാജിദ് വിജയിച്ചു. എബിവിപിയുടെ ഗോവിന്ദ് ദാൻഗിയെയാണ് തോൽപ്പിച്ചത്. വൈസ് പ്രസിഡന്റായി അവിജിത് ഘോഷ് തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിലെ കൗൺസിലർ സ്ഥാനാർത്ഥി എസ്എഫ്‌ഐ പാനലിൽ മത്സരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിനി ഗോപിക ബാബുവും വിജയിച്ചു.