ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും; ഡൊണാള്‍ഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കില്ല

1

വാഷിങ്ടൺ: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ. അക്രമ സാധ്യത മുന്നിൽ കണ്ടു അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണിൽ ഒരുക്കിയിരിക്കുന്നത്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുന്ന പതിവ് ഇത്തവണയില്ല. ഡൊണാള്‍ഡ് ട്രംപ് ചടങ്ങുകള്‍ക്കെത്തില്ല. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് 78കാരനായ ബൈഡൻ. വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് 56കാരിയായ ഇന്ത്യൻ വംശജ കമല ഹാരിസ്. തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം.

അവസാനംവരെയും പരാജയം സമ്മതിക്കാതിരുന്ന ഡൊണാൾഡ് ട്രംപ് ഇന്ന് അതിരാവിലെ വൈറ്റ്‌ഹൗസ് വിടുമെന്നാണ് വിവരം. സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുൻ പ്രസിഡന്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുകയാണ് പതിവ്. ഭരണത്തുടർച്ച ലഭിക്കാത്തതിൽ ക്ഷുഭിതനും നിരാശനുമായ ട്രംപ് ഈ ഔപചാരികതകൾക്കൊന്നും നിൽക്കാതെ ഫ്ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്കു പോകുമെന്നാണു വിവരം. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ എന്നിവർ കുടുംബസമേതം ചടങ്ങിനെത്തും.

അതേസമയം ബൈഡന്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി ട്രംപ് വിടവാങ്ങല്‍ സന്ദേശം പുറത്ത് വിട്ടു. സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും തന്റെ ഭരണത്തില്‍ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നും ട്രംപ് പറഞ്ഞു. ട്രംപ് രാവിലെ വൈറ്റ് ഹൗസ് വിടുമെന്നാണ് സൂചന.

ബൈഡന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ട്രംപിന്റെ സന്ദേശം. അതേസമയം ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമ പ്രവര്‍ത്തനങ്ങളെ ട്രംപ് എതിര്‍ക്കുകയും ചെയ്തു. രാഷ്ട്രീയ അക്രമങ്ങള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുരക്ഷ കണക്കിലെടുത്ത് രണ്ട് ദിവസത്തക്ക് ക്യാപിറ്റോള്‍ മന്ദിരം അടച്ചിട്ടിരിക്കുകയാണ്. 25000ത്തിലധികം ദേശീയ സുരക്ഷാ ഗാഡുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.എഫ്.ബി.ഐയുടെ സുരക്ഷാ മുന്നറിയിപ്പ് കണക്കിലെടുത്ത് നേരത്തെ തന്നെ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.