വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് വേണ്ട: ഇനി ചിരിച്ചു തുടങ്ങാമെന്ന് ബൈഡൻ

0

വാഷിങ്ടണ്‍: മാസ്‌ക് ധരിക്കുന്നതിൽ ജനങ്ങൾക്ക് അമേരിക്ക ഇളവ് നൽകുന്നു. വാക്‌സിൻ ഡോസുകൾ പൂർണമായും സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ജനങ്ങളെ അറിയിച്ചു. യു എസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനാണ് കൊവിഡ് വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കിയവർ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന തീരുമാനമെടുത്തത്.

സാമൂഹിക അകല നിര്‍ദേശങ്ങളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഓവല്‍ ഓഫീസില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ മാസ്‌ക് ഉപേക്ഷിച്ച് പ്രഖ്യാപനം നടത്തി. കോവിഡ് പോരാട്ടത്തില്‍ നിര്‍ണായക മുഹൂര്‍ത്തമാണിതെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കയ്ക്ക് ഇത് മഹത്തായ ദിനമാണ്. മാസ്‌ക് ഉപേക്ഷിച്ച് ഇനി ചിരിക്കാം. മറ്റുള്ളവരുടെ മുഖത്തെ ചിരികാണാം-ബൈഡന്‍ പറഞ്ഞു.

2020 ജനുവരിയിലാണ് അമേരിക്കയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ബൈഡൻ അധികാരത്തിലെത്തിയ ശേഷം കൊവിഡ് പ്രതിരോധത്തിന് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുകയും നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തിരുന്നു. ഇക്കാലയളവിന് ശേഷം ഇപ്പോഴാണ് രാജ്യത്ത് മാസ്‌ക് വക്കുന്നത് അടക്കമുള്ള മാനദണ്ഡത്തിൽ അയവുവരുത്തുന്നത്. സാധാരണ ജീവിതത്തിലേക്ക് രാജ്യം മടങ്ങുന്നതിന്റെ സൂചനകൾ കൂടിയാണ് പുതിയ നിർദേശം.

അതേസമയം അമേരിക്കയിൽ കൊവിഡ് വാക്‌സിൻ എടുത്തവരുടെ എണ്ണം 154 മില്ല്യൺ കവിഞ്ഞു. വാക്‌സിൻ വിതരണം കഴിഞ്ഞ നാലാഴ്ചകൾക്കുള്ളിൽ 36 ശതമാനമായി കുറഞ്ഞു. 12 മുതൽ 15 വയസ് വരെ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാനാണ് അധികൃതർ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത്.