ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകും; കമ്പനി സത്യം മറച്ചുവെച്ചത് വര്‍ഷങ്ങളോളം

0

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 
ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യമുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇക്കാര്യം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വര്‍ഷങ്ങളോളം രഹസ്യമാക്കി വെച്ചിരുന്നുവെന്നാണ് റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.

കമ്പനിയുടെ ടാല്‍ക്ക്, ഫിനിഷ്ഡ് പൗഡറുകളില്‍ ആസ്ബറ്റോസ് ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ കമ്പനി ഇത് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 1971 മുതല്‍ 2000 വരെയുള്ള രഹസ്യരേഖകളും പഠന റിപ്പോര്‍ട്ടുകളും പരിശോധനാ ഫലങ്ങളും തെളിവുകളുമാണ് റോയിട്ടേഴ്‌സ് പരിശോധിച്ചത്. കമ്പനിക്കെതിരെയുള്ള പരിശോധന ഫലങ്ങള്‍ തിരുത്തി പ്രസിദ്ധീകരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കമ്പനിക്ക് അനുകൂലമായി റിപ്പോര്‍ട്ടെഴുതാന്‍ പണം മുടക്കിയതായും റോയിട്ടേഴ്‌സ് കണ്ടെത്തി. 
ഏത് അളവില്‍ ശരീരത്തിലെത്തിയാലും മാരക പ്രത്യാഘാതമുണ്ടാക്കുന്ന രാസവസ്തുവാണ് ആസ്ബറ്റോസ്. കമ്പനിക്കെതിരെ നിരവധി സ്ത്രീകള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് റോയിട്ടേഴ്‌സ് അന്വേഷണം നടത്തിയത്.