ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്ത വിധിയുടെ വിളയാട്ടമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് മലയാളികള്‍ ഏറെ സ്നേഹിച്ചിരുന്ന ജോണ്‍സണ്‍ മാഷിന്റെ കുടുംബത്തെ തകര്‍ത്തെറിഞ്ഞത് . കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു മലയാളികള്‍ക്ക് ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച സംഗീതപ്രതിഭയായിരുന്ന ജോണ്‍സണ്‍ മാഷിനെ മരണം കവര്‍ന്നെടുത്തത്.
2011 ആഗസ്റ്റ് 18 നാണ്. ചെന്നൈ കോടമ്പാക്കത്ത് വെച്ച് ഹൃദയാഘതമുണ്ടായി ജോണ്‍സണ്‍ മാഷ് വിട പറയുന്നത്. പെട്ടന്നുള്ള അദ്ദേഹത്തിന്റെ വിയോഗത്തില്‍ തളര്‍ന്നു പോയ കുടുംബം പതിയെ ജീവിതത്തിലേക്ക് പിച്ചവെയ്ക്കുന്നതിനിടയില്‍ മകന്‍ റെന്‍ ജോണ്‍സണും മകള്‍ ഷാന്‍ ജോണ്‍സണും ഓരോ വര്‍ഷത്തെ ഇടവേളകളില്‍ അകലത്തില്‍ അന്തരിച്ചത് ഞെട്ടലോടെയാണ് നമ്മള്‍ അറിഞ്ഞത്. ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ മരണം റെനിനെ കൊണ്ടു പോയപ്പോള്‍ മകള്‍ ഷാനിനെ 2016 ഫെബ്രുവരിയില്‍ കോടമ്പാക്കത്ത് വെച്ച് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം കവര്‍ന്നു. മക്കളെയും ഭര്‍ത്താവിനെയുംഅകാലത്തില്‍ നഷ്ടമായ തീവ്രദുഖത്തില്‍ കഴിഞ്ഞിരുന്ന മാഷിന്റെ ഭാര്യ റാണിയെ തേടിയും വിധി വീണ്ടുമെത്തി, രക്താര്‍ബുദത്തിന്റെ രൂപത്തില്‍.
കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ കഴിയില്ല. കാരണം ഇത്തരമൊരു വിധിവിളയാട്ടം നമ്മളില്‍ പലരും കണ്ടിട്ടുള്ളത് സിനിമയിലാണ്. മലയാളികള്‍ എന്നും ആരാധനയോടെ മാത്രം ഓര്‍ക്കുന്ന സംഗീത സംവിധായകന്റെ ഭാര്യ ഇന്ന് ചികിത്സാസഹായം തേടി മുഖ്യമന്ത്രിയെ വരെ സമീപിക്കേണ്ട അവസ്ഥയിലാണ്. ഭര്‍ത്താവിന്റെയും മക്കളുടേയും വിയോഗത്തില്‍ മാനസികമായും ശാരീരികമായും തളര്‍ന്ന റാണിയെ ഏതാനും നാളുകള്‍ക്ക് മുമ്പാണ് രക്താര്‍ബുദം കീഴ്‌പ്പെടുത്തിയത്. നിനച്ചിരിക്കാതെ ഉണ്ടായ ദുരന്തങ്ങളില്‍ തകര്‍ന്ന് പോയ ആ സ്ത്രീക്ക് ഇന്ന് ചികിത്സ തേടാന്‍ പോലുമുള്ള സ്ഥിതിയില്ല. സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഈ അവസ്ഥയിലും കത്തെഴുതാന്‍ അവരെ പ്രേരിപ്പിച്ചതും അതൊന്നു മാത്രം.
സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചെങ്കിലും ചികിത്സയ്ക്ക് അടിയന്തര സഹായം എന്ന നിലയ്ക്ക് മാത്രമാണ് അത് ഉപകാരപ്പെടുക. ജോണ്‍സന്റെ സഹപ്രവര്‍ത്തകരായിരുന്നവരില്‍ പലരും റാണിയുടെ അവസ്ഥ അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. ജോണ്‍സണോട് ഏറെ അടുത്ത് ഹൃദയബന്ധമുണ്ടായിരുന്നവര്‍ റാണിക്ക് സഹായം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും കൂടുതല്‍ പേര്‍ റാണി ജോണ്‍സണെ സഹായിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട് എന്നാണു അറിയുന്നത്.