കോഴിക്കോട്: മാധ്യമ പ്രവര്‍ത്തനും എഴുത്തുകാരനുമായ ഡോ.ഐ.വി. ബാബു കോഴിക്കോട്ട് അന്തരിച്ചു. 54 വയസായിരുന്നു. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ പത്തുമുതല്‍ പതിനൊന്നുമണിവരെ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. ശേഷം വൈകുന്നേരം ആറുമണിയോടെ പാനൂരിലെ വീട്ടുവളപ്പില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.
മലയാളം വാരിക അസി. എഡിറ്റർ, മംഗളം ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ, ദേശാഭിമാനി ദിനപത്രം- വാരിക സഹപത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യു.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തില്‍ അംഗമായും പ്രവര്‍ത്തിച്ചു.
കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകത്തിന്റെ രചയിതാവാണ്. വന്ദന ശിവയുടെ ‘വാട്ടര്‍ വാര്‍സ്’ എന്ന പുസ്തകം ‘ജലയുദ്ധങ്ങള്‍’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
തലശ്ശേരിക്കടുത്ത് മൊകേരിയില്‍ 1965ലാണ് ജനനം. സി.പി.എം മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ.വി ദാസിന്റെ മകനാണ്. അമ്മ: സുശീല. ഭാര്യ: ലത. മക്കള്‍: അക്ഷയ്, നിരഞ്ജന (ഇരുവരും വിദ്യാർഥികളാണ്).