മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയ പാർട്ടി നടപടിയോട് പ്രതികരിച്ച് കെ.കെ ശൈലജ

0

തിരുവനന്തപുരം: മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്ന് കെ.കെ ശൈലജ. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏതായാലും അംഗീകരിക്കുമെന്നും ശൈലജ പറഞ്ഞു. മറ്റു പ്രതികരണങ്ങളൊന്നും മന്ത്രി നടത്തിയിട്ടില്ല.

കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. 88 പേരും പട്ടിക അംഗീകരിച്ചു. ശൈലജയ്ക്കായി വാദിച്ചത് ഏഴ് പേരാണെന്നാണ് വിവരം. ശൈലജയ്ക്ക് മാത്രമായി ഇളവുകള്‍ നല്‍കേണ്ടതില്ലെന്നാണ് യോഗത്തില്‍ തീരുമാനം വന്നത്. എം.വി ജയരാജന്‍ അടക്കം ശൈലജ ടീച്ചറെ പിന്തുണച്ചെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഏറെ ചർച്ചകൾക്ക് ഒടുവിലാണ് രണ്ടാം പിണറായി സർക്കാരിൽ കെ.കെ ശൈലജ ഉണ്ടാകില്ലെന്ന നിർണായക തീരുമാനം എടുത്തത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കെ.കെ ശൈലജയുടെ പ്രതിരോധ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. അതിനാലാണ് ആരോഗ്യവകുപ്പിൽ കെ.കെ ശൈലജ മതിയെന്ന് തീരുമാനം പാർട്ടി ആദ്യഘട്ടത്തിൽ എടുത്തത്.

എന്നാൽ സംഘടന തീരുമാനത്തിന് അപ്പുറം വ്യക്തികൾക്ക് പരിഗണന നൽകേണ്ടതില്ലെന്ന് അഭിപ്രായമാണ് സിപിഎം കൈകൊണ്ടത്.മന്ത്രിമാരുടെ പട്ടികയില്‍ കെ.കെ ശൈലജയില്ലെന്ന് വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പാര്‍ട്ടി വിപ്പായാണ് കെ. കെ ശൈലജയെ തീരുമാനിച്ചിരിക്കുന്നത്.