തമിഴ്നാട്ടിൽ അനധികൃത സ്വത്തു സമ്പാദന കേസിൽ മന്ത്രി സ്ഥാനം നഷ്ടമായ കെ പൊൻമുടി വീണ്ടും മന്ത്രിയായി. ഇന്ന് വൈകിട്ട് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
ഹൈക്കോടതിയുടെ ശിക്ഷാവിധി, സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് പൊൻമുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഗവർണർ ആർ എൻ രവിയ്ക്ക് ശിപാർശ നൽകുന്നത്. എന്നാൽ ഗവർണർ ഇത് നിരസിച്ചു. സുപ്രീം കോടതി കുറ്റവിമുക്തനാക്കിയില്ലെന്നായിരുന്നു ഗവർണർ പറഞ്ഞ കാരണം. തുടർന്നാണ് ഡിഎംകെ സുപ്രീം കോടതിയെ സമീപിച്ചത്.
ഗവർണർ ആർ എൻ രവിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി, ഒരു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന താക്കീതും നൽകി. ഇതോടെയാണ് ഗവർണർ വഴങ്ങിയത്. ഇന്ന് രാവിലെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിക്കൊണ്ട് രാജ് ഭവൻ ഉത്തരവിറക്കി. തുടർന്നാണ് വൈകിട്ട് കെ പൊൻമുടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.