കടയ്ക്കാവൂര്‍ പോക്‌സോ കേസ്: മകന്റെ മൊഴിയിൽ കഴമ്പുണ്ട്; അമ്മയുടെ ജാമ്യം എതിർത്ത് സർക്കാർ

0

കൊച്ചി: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ മാതാവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മാതാവിന്റെ മൊബൈലില്‍നിന്ന് തെളിവുകള്‍ ലഭിച്ചുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു ഹൈക്കോടതിയിൽ സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇതു വെറും കുടുംബപ്രശ്നം മാത്രമാണെന്നു പറഞ്ഞ് അവഗണിക്കാനാവില്ലെന്നും മകന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

മാതാവിന്റെ മൊബൈലില്‍ നിന്ന് ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മകന്റെ മൊഴിയില്‍ കഴമ്പുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. കേസ് ഡയറി പരിശോധിക്കാൻ കോടതി തയ്യാറാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്ത കോടതി ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടു.

പരാതി നല്‍കിയ കുട്ടിക്ക് മാതാവ് ചില മരുന്നുകള്‍ നല്‍കിയിരുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഈ മരുന്നുകളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കേസ് ഡയറി ഇന്ന് തന്നെ ഹാജരാക്കണെമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

കഴിഞ്ഞ ഡിസംബർ 28 നാണ് കുട്ടിയുടെ അമ്മയെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2017 മുതല്‍ 2019 വരെ മാതാവ് മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. അതേ സമയം ഭര്‍ത്താവ് നിയമപരമായി വിവാദ ബന്ധം വേര്‍പെടുത്താതെ രണ്ടാമത് വിവാഹം കഴിക്കുന്നത് തടയാന്‍ ശ്രമിച്ചതിന് പ്രതികാരമായി കേസ് കെട്ടിച്ചമച്ചു എന്നാണ് യുവതിയും ബന്ധുക്കളും ആരോപിക്കുന്നത്. അതേ സമയം പൊലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്ന് അമ്മ കോടതിയിൽ വാദിച്ചു. പിതാവിന്റെ സമ്മർദ്ദത്തിലാണ് കുട്ടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് കോടതിയിൽ അമ്മയുടെ വാദം. കോടതി കേസ് ഡയറി കൂടി പരിശോധിച്ച ശേഷം നാളെ അമ്മയുടെ ജാമ്യ ഹർജിയിൽ വിധി പറയും.