സിംഗപ്പൂര്‍: സിംഗപ്പൂര്‍ കൈരളി കലാനിലയത്തിന്റെ (SKKN) ആഭിമുഖ്യത്തില്‍ കഴിഞ്ഞ നാല് മാസങ്ങളായി നടന്നു വന്ന “കൈരളി ബെസ്റ്റ് ആക്റ്റര്‍-2021” ഓണ്‍ലൈന്‍ സോളോ ആക്റ്റിംഗ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സിംഗപ്പൂര്‍ മലയാളിയായ വന്ദനയാണ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്., ജയരാജ് (കണ്ണൂര്‍, കേരള), പാര്‍വണ (കണ്ണൂര്‍, കേരള) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. വിവിധരാജ്യങ്ങളില്‍ നിന്നായി അന്‍പതോളം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.
മൂന്നു ഘട്ടങ്ങളില്‍ ആയാണ് മത്സരം സംഘടിക്കപ്പെട്ടത്. ആദ്യഘട്ടത്തിലെ അന്‍പതു പേരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചു പേര് സെമിഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കുകയുണ്ടായി. സെമിഫൈനലില്‍ നിന്നും ഏഴുപേര്‍ ആണ് ഫൈനല്‍ മത്സരത്തിന് അര്‍ഹത നേടിയത്. ജൂറി തീരുമാനത്തിന് പുറമേ, സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച അംഗീകാരവും വിധിനിര്‍ണയത്തിലെ ഘടകമായിരുന്നു.
മലയാള സിനിമാനിര്‍മാതാവും നടനുമായ പ്രകാശ് ബാരെ, സിനിമാ സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി , നാടക-സിനിമാ സംവിധായകനും പരിശീലകനുമായ വിനോദ് കുമാര്‍, സിംഗപ്പൂരിലെ മുതിര്‍ന്ന നാടക പ്രവര്ത്തകന് ഡി സുധീരന് എന്നിവര്‍ അടങ്ങിയ ജൂറിയാണ് വിജയികളെ കണ്ടെത്തിയത്. ഈയിടെ സമാപിച്ച കൈരളി നാടകോത്സവത്തിന്റെ സമാപന ദിവസമാണ് “കൈരളി ബെസ്റ്റ് ആക്റ്റര്‍” വിജയികളുടെ പ്രഖ്യാപനം നടന്നത്.