പെൻറിത്ത്: മലയാളി ക്രിക്കറ്റ് ക്ലബ് കൈരളി തണ്ടേഴ്സ് പെൻറിത്തിന്റെ മൂന്നാമത് ജേഴ്സി ലോഞ്ചിങ്ങും ഓണാഘോഷവും ഹാരോൾഡ് കോർണർ കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. ക്രിക്കറ്റ് എന്നത് വിജയിക്കാൻ വേണ്ടി മാത്രം ഉള്ള കളിയല്ലെന്നും മറിച്ച് വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ഒരു മഹത്തായ ഒരു മാധ്യമമാണെന്നും ഇന്ത്യക്കാരുടെ ക്രിക്കറ്റിനോട് ഉള്ള അഭിനിവേശം ആകർഷകമാണെന്നും സ്റ്റുവർട്ട് ഐറിസ് എംപി പറഞ്ഞു. ജേഴ്സി ലോഞ്ചിങ്ങ് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ൽ സ്ഥാപിതമായ കൈരളി തണ്ടേഴ്സ് പെൻറിത്ത് എന്ന ക്രിക്കറ്റ് ക്ലബ് ന്യൂ സൗത്ത് വെയിൽസ് ഫെയർ ട്രേഡിംഗിൽ റജിസ്റ്റർ ചെയ്തതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പ്രവർത്തനങ്ങളുടെയും കായിക രംഗത്തെ വിജയങ്ങളുടെയും ഭാഗമായി ക്ലബിന് ന്യൂ സൗത്ത് വെയിൽസ് സ്പോർട്ട്സ് ഡിവിഷനിൽ നിന്ന് മൂന്നു ലക്ഷം രൂപയുടെ ഗ്രാന്റും ഓസ്ട്രലിയൻ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. അതിനൊപ്പം മറ്റു ഗ്രാന്റുകളും സ്പോർട്സ് ആന്റ് ടൂറിസം മന്ത്രി സ്റ്റുവർട്ട് ഐറിസിൽ നിന്ന് ക്ലബ് ഭാരവാഹികൾ ചെക്ക് ഏറ്റുവാങ്ങി.
2019 ലെ കെടിപി ഗെയിൻ കപ്പ്, കെടിപി വിന്റർ കോമ്പറ്റീഷൻ, വയോംഗ് കപ്പ് വിന്നർ 2021, ബ്ലാക്ക് ടൗൺ ഗ്രേഡ് 6 ഫൈനലിസ്റ്റ് എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ക്ലബിന് കഴിഞ്ഞു. കേരളത്തിന്റെ തനതുകലാ രൂപങ്ങളും, സംഗീതവും നൃത്തവും പാട്ടും എല്ലാം ചേർന്ന് ഒരു സാംസ്കാരിക പരിപാടിയായി ജേഴ്സി അവതരണവും ഓണാഘോഷവും മാറി.