കാണ്ഡഹാറും ഹെറാത്തും പിടിച്ച് താലിബാൻ: ലക്ഷ്യം കാബൂളിലേക്ക്

0

കാബൂൾ∙ അഫ്ഗാനിസ്ഥാന്റെ മൂന്നിൽ രണ്ടു ഭാഗവും നിയന്ത്രണത്തിലാക്കി താലിബാൻ. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കാണ്ഡഹാർ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമാണ് കാണ്ഡഹാർ.

ഇന്നലെ ഗസ്നി, ഹെറാത് നഗരങ്ങൾ കൂടി പിടിച്ചതോടെ ഒരാഴ്ചയ്ക്കകം താലിബാൻ നിയന്ത്രണത്തിലായ പ്രവിശ്യാതലസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി. നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും അതിര്‍ത്തികളില്‍ തൊണ്ണൂറു ശതമാനവും താലിബാന്‍ നിയന്ത്രണത്തിലാണ്.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ സെൻട്രൽ ജയിൽ താലിബാൻ പിടിച്ചെടുത്തിരുന്നു. ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഭീകരർക്ക് മുന്നിൽ കീഴടങ്ങി. കുറ്റവാളികളെ തുറന്ന് വിടുകയും ചെയ്തു. ജയിലിലെ കുറ്റവാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഭീകരർ കാണ്ഡഹാർ ജയിലിലെത്തിയിരുന്നു. മൂവായിരത്തിലേറെ ഭീകരരാണ് ഇവിടെയുണ്ടായിരുന്നത്. ഇതിന് മുൻപ് 2008, 2011 വർഷങ്ങളിലും ഭീകരർ ജയിൽ പിടിച്ചെടുത്തു തടവുപുള്ളികളെ തുറന്നുവിട്ടിരുന്നു.

ഭരണം പങ്കിടാമെന്ന നിർദേശം അഫ്ഗാൻ സർക്കാർ ഖത്തർ ഭരണകൂടം വഴി മുന്നോട്ടുവച്ചെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖത്തർ തലസ്ഥാനമായ ദോഹയി‍ൽ രാജ്യാന്തര പ്രതിനിധികൾ പങ്കെടുത്ത മൂന്നുദിവസത്തെ സമാധാന ചർച്ചകൾ ഇന്നലെയാണ് അവസാനിച്ചത്. ഈ ചർച്ചകൾ വിജയിച്ചതായി സൂചനയില്ല.