നഴ്സിങ് ലൈംഗികവല്‍കരിക്കപ്പെട്ട തൊഴില്‍, വേഷം മാറ്റണം: കങ്കണയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മാലാ പാർവതിയും ജുവൽ മേരിയും

Share
നഴ്സിങ് ലൈംഗികവല്‍കരിക്കപ്പെട്ട തൊഴില്‍, വേഷം മാറ്റണം: കങ്കണയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മാലാ പാർവതിയും ജുവൽ മേരിയും

നഴ്സിങ് ഏറ്റവുമധികം ലൈംഗികവൽക്കരിക്കപ്പെട്ട ജോലിയാണെന്ന നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിന്റെ പരാമർശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. നഴ്‌സുമാരുടെ വസ്ത്രധാരണം 'ഭാരതീയ രീതിയിലാക്കണം' എന്ന കങ്കണയുടെ പ്രസ്താവന സ്ത്രീവിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി മലയാള ചലച്ചിത്ര താരങ്ങളായ മാലാ പാർവതിയും ജുവൽ മേരിയും പ്രതികരിച്ചു.

കങ്കണയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് മാലാ പാർവതി വ്യക്തമാക്കി. ഇവിടെ ജോലി ചെയ്യുക എന്നത് ഓരോരുത്തരുടെയും ഭരണഘടനാപരമായ അവകാശമാണെന്ന് ഓർമിപ്പിച്ച മാലാ പാർവതി, നഴ്സിങ് സമൂഹത്തെ ഇത്തരത്തിൽ അപമാനിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചു. താൻ ഉൾപ്പെടുന്ന സിനിമ മേഖലയെ ചൂണ്ടിക്കാട്ടി മാലാ പാർവതി കങ്കണക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു.

സ്ത്രീകളെ ഏറ്റവും കൂടുതൽ 'ഒബ്ജക്റ്റീഫിക്കേഷൻ' വസ്തുവൽക്കരണം നടത്തുന്നത് സിനിമയിലാണ്. അതിന് എല്ലാകാലത്തും നിന്നു കൊടുക്കുകയും അതിന്റെ നേട്ടങ്ങൾ കൊയ്യുകയും ചെയ്ത കങ്കണയ്ക്ക്, നഴ്സുമാരെ ഇങ്ങനെ പറയാൻ എന്ത് അധികാരമാണുള്ളതെന്ന് മാലാ പാർവതി ചോദിക്കുന്നു.

''വളരെ സ്ത്രീവിരുദ്ധമായ, അപലപനീയമായ പ്രസ്താവനയാണ് കങ്കണ റണൗട്ട് നടത്തിയത്. ഇവിടെ ജോലി ചെയ്യുന്നത് ഓരോരുത്തരുടെയും ഭരണഘടനാപരമായ അവകാശമാണ്. ഫ്ലോറൻസ് നൈറ്റിങിലിനെ പോലെയുള്ള ഒരു സ്ത്രീയെ മനസ്സിൽ ധ്യാനിച്ച്, അവർ ചെയ്തിട്ടുള്ള പ്രവർത്തിയെ അത്രയും മനസ്സിൽ ഉൾക്കൊണ്ട് ആണ് നഴ്സുമാർ സേവനം ചെയ്യുന്നത്.

കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ നഴ്സുമാർ ലോകമെമ്പാടും പോയി സേവനം ചെയ്യുന്നത്. അവരുടെ അധ്വാനത്തെ വിലകൽപ്പിക്കുന്നില്ല എന്ന് മാത്രമല്ല അവരെ അധിക്ഷേപിക്കുന്ന പരാമർശം ആണിത്. നമ്മൾ ഒരു ആശുപത്രിയിൽ പോയി കിടന്നാൽ അറിയാം നമ്മളെ പരിചരിക്കാനും നമ്മുടെ മുറിവ് വച്ചു കെട്ടാനും മാലാഖമാരെ പോലെ പ്രവർത്തിക്കുന്നത് നഴ്സുമാരാണ്.

അവരെ ഇങ്ങനെ അപമാനിക്കുന്നത് ശരിയാണോ. പ്രത്യേകിച്ചും സിനിമ മേഖലയിലുള്ള, അത് എന്റെ മേഖല തന്നെയാണ്, ആ മേഖലയിലുള്ള ഒരു സ്ത്രീക്ക് എങ്ങനെ സാധിക്കുന്നു. ഏറ്റവും കൂടുതൽ സ്ത്രീകളെ ഒബ്ജക്റ്റിഫിക്കേഷൻ നടക്കുന്നത് സിനിമയിലാണ്, അതിന് എല്ലാകാലത്തും നിന്നു കൊടുക്കുകയും അതിന്റെ നേട്ടങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള ഒരാൾ എന്ന നിലയിൽ ഇവർക്ക് നഴ്സുമാരെ ഇങ്ങനെ പറയാൻ എന്ത് അധികാരമാണുള്ളത്.

ഇവിടെ എണ്ണയില്ല, ഗ്യാസ് ഇല്ലാ, പരീക്ഷയുടെ പേപ്പറുകൾ ചോരുന്നു, ഇതൊക്കെയാണ് ഇവിടുത്തെ പ്രശ്നങ്ങൾ അല്ലാതെ ഭാരതീയവൽക്കരണം ലൈംഗികവൽക്കരണം എന്നൊക്കെ പറഞ്ഞുകൊണ്ട് വരാൻ ഇതാണോ ഈ രാജ്യത്ത് ഏറ്റവും വലിയ പ്രശ്നം. എത്രയോ വർഷമായി ഇവിടെ നീറ്റ് പരീക്ഷ പേപ്പറുകൾ ചോരുന്നു, കുഞ്ഞുങ്ങളുടെ ഭാവിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.

പ്ലസ് ടു പരീക്ഷ പേപ്പറുകൾ പുറത്തായി കുട്ടികളുടെ ഭാവി അവതാളത്തിൽ ആയിരിക്കുന്ന സമയമാണ് ഇതിന്റെ ഒന്നും ഉത്തരവാദിത്വം എടുക്കാൻ ഇവർക്ക് കഴിയുന്നില്ല. സാധനങ്ങൾക്ക് വില കൂടുന്നു, ഗ്യാസിന് വില കൂടുന്നു, അതൊന്നും ഇവർക്ക് പ്രശ്നമല്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ കൂടിയായ ഇവർ ഇതിനൊന്നും ഉത്തരവാദിത്വം എടുക്കാതെ ഇങ്ങനെ നിരുത്തരവാദപരമായിട്ടുള്ള പരാമർശങ്ങൾ പറയുന്നത് എന്ത് കഷ്ടമാണ്.

ഇത് ഞാൻ പറഞ്ഞില്ല എന്ന് നാളെ മാറ്റി പറയാൻ സാധ്യതയുണ്ട്, മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് പറയാനും സാധ്യതയുണ്ട്. അങ്ങേയറ്റം പ്രതിഷേധകരമായ ഒരു പരാമർശം ആണ് ഇത്, ആ തൊഴിലിനെ അവർ തള്ളി പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിക്കും പ്രതിഷേധിക്കേണ്ടതാണ്. നഴ്സുമാർക്ക് എതിരെ ലൈംഗികത ആരോപിച്ച ഇവർക്ക് എതിരെ എല്ലാവരും പ്രതിഷേധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ഇന്ന് വളം വച്ച് കൊടുത്താൽ നാളെ ഇവർ എന്തും പറയും.'' മാലാ പാർവതിയുടെ വാക്കുകൾ.

നഴ്സിങ് എന്ന പ്രഫഷനെ കുറിച്ച് ശരിക്ക് പഠിക്കാതെയാണ് കങ്കണ സംസാരിക്കുന്നതെന്ന് ജുവൽ മേരി പറഞ്ഞു. നിലവിലെ യൂണിഫോം രാജ്യാന്തര നിലവാരമനുസരിച്ചും നഴ്സുമാരുടെ ജോലി സുഗമമാക്കുന്നതിനും വേണ്ടി കാലാകാലങ്ങളിൽ കൃത്യമായി മോണിറ്റർ ചെയ്ത് അപ്ഡേറ്റ് ചെയ്യുന്നതാണെന്ന് ജുവൽ ചൂണ്ടിക്കാട്ടി.

ഭാരതീയ വസ്ത്രധാരണം' വേണമെന്ന കങ്കണയുടെ വാദത്തെ ചരിത്ര വസ്തുതകൾ നിരത്തി ജുവൽ മേരി ചോദ്യം ചെയ്തു; പണ്ട് ഭാരതത്തിൽ സ്ത്രീകൾ മാറുമറയ്ക്കാതെയും ബ്ലൗസ് ധരിക്കാതെയും ഒറ്റമുണ്ട് ഉടുത്തുമൊക്കെയാണ് നടന്നിരുന്നതെന്നും, ഭാരതത്തിന് എല്ലാ കാലഘട്ടത്തിലും മാറിമറിഞ്ഞു വരുന്ന വസ്ത്രധാരണ ചരിത്രമല്ലാതെ ചൈനീസ് കിമോണോ പോലെ ഒരു പ്രത്യേക ശൈലിയില്ലെന്നും ജുവൽ ഓർമ്മിപ്പിച്ചു.

''നഴ്സിങ് എന്ന ഒരു പ്രഫഷനെ കുറിച്ച് ശരിക്കും പഠിക്കാതെയാണ് ഇത്തരം ഒരു പരാമർശം വന്നിരിക്കുന്നത്. കാരണം ഇവർ പറയുന്നത് ഇത് ബ്രിട്ടീഷുകാരുടെ കാലത്തുള്ള യൂണിഫോം സിസ്റ്റമാണ് എന്നാണ്, അങ്ങനെ അല്ല. ഇത് കാലാകാലമായി കൃത്യമായി മോണിറ്റർ ചെയ്യപ്പെടുന്ന, ഇന്റർനാഷണൽ സ്റ്റാൻഡേർഡ് അനുസരിച്ച് ലോകമെമ്പാടും ജോലിചെയ്യുന്ന നഴ്സ്മാർക്ക് ഏറ്റവും സൗകര്യപ്രദമായ യൂണിഫോം ആണ് നൽകുന്നത്. അത് സ്ഥിരമായി മോണിറ്റർ ചെയ്യപ്പെടുന്നുമുണ്ട്, കാലങ്ങൾക്കനുസരിച്ച് അപ്ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ഇങ്ങനത്തെ ഒരു സിസ്റ്റത്തെ വളച്ചൊടിച്ച് ആണ് ഇവർ ഇങ്ങനെ ഒരു പ്രസ്താവന പറഞ്ഞിരിക്കുന്നത്. സിനിമകളിൽ ചെയ്യുന്ന കാര്യങ്ങൾ ഒന്നും പ്രശ്നമല്ല. ഇവർക്ക് അസുഖം വന്നാലും ചികിത്സിക്കാനായി നേഴ്സുമാർ തന്നെ വേണം അല്ലാതെ ഒരു മതപരമായ സ്ഥാപനങ്ങളിൽ നിന്നും വന്നു നമുക്ക് അവിടെ ഒരു പരിചരണം നൽകുന്നില്ല. അതിനാണ് ഒരു സ്റ്റം ഉള്ളത്, പഠിച്ച് നല്ല രീതിയിൽ രോഗികളെ പരിചരണം നടത്താൻ കഴിയുന്ന ആൾക്കാരാണ് നമ്മെ പരിചരിക്കുന്നത്, എന്നാൽ മാത്രമേ നമുക്ക് ഗുണനിലവാരമുള്ള പരിചരണം സാധ്യമാക്കാൻ കഴിയൂ. ശരിക്ക് പറഞ്ഞാൽ യഥാർഥത്തിൽ രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങളിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത്.

എങ്ങനെയെല്ലാം മനുഷ്യരുടെയും വികാരത്തെ വ്രണപ്പെടുത്തുക അതിന് എന്ത് ടാർഗറ്റ് ചെയ്താൽ പറ്റും, ഇത് മാത്രമാണ് ഇവർ ചിന്തിക്കുന്നത്. ശരിക്കും രാജ്യത്ത് നടക്കുന്ന സ്ത്രീകളുടെ പ്രശ്നം ഒന്നുമല്ല ഇവരുടെ വിഷയം. ഒരു കമ്മ്യൂണിറ്റിയെ അടച്ച് ആക്ഷേപിച്ചുകൊണ്ട് അവിടെ ഒരു പുകമറ സൃഷ്ടിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഭാരതീയ രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഇവർ പറയുന്നത്, ശരിക്കും പണ്ടത്തെ സ്ത്രീകൾ ഭാരതത്തിൽ മാറുമറയ്ക്കാതെ നടന്നിട്ടുണ്ട് അങ്ങനെ നടക്കണമെന്നാണോ ഇവർ പറയുന്നത്? ഏത് കാലഘട്ടത്തിലെ വസ്ത്രധാരണമാണ് നമ്മൾ തിരഞ്ഞെടുക്കേണ്ടത്? പണ്ട് സാരിയോടൊപ്പം നമ്മൾ ബ്ലൗസ് ധരിച്ചിരുന്നില്ല അതായിരുന്നു നമ്മുടെ സിസ്റ്റം, അങ്ങനെ നടക്കണോ? ഏത് കാലഘട്ടത്തിൽ നിന്നാണ് വസ്ത്രധാരണം എടുക്കേണ്ടത് എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

നമുക്ക് അങ്ങനെ കൃത്യമായ ഒരു ഭാരതീയ രീതി ഒന്നുമില്ല. ചൈനീസിനു കീമോണോ എന്ന് പറയുന്ന ഒരു വസ്ത്രം ഉണ്ട്, അതുപോലെ നമ്മുടെ നാട്ടിൽ അങ്ങനെ ഒരു രീതി എല്ലാ കാലഘട്ടങ്ങളിലും ഇല്ല. എല്ലാ കാലഘട്ടത്തിലും മാറിമാറി വരുന്ന വസ്ത്രധാരണമാണ് ഉള്ളത്, അങ്ങനെ ഒരു ചരിത്രമാണ് ഭാരതത്തിന്റെത്. അല്ലാതെ ഇന്നതാണ് ഭാരതീയ വേഷം എന്ന് പറയാൻ പറ്റില്ല.

പണ്ടുകാലത്ത് ഒറ്റമുണ്ട് ആയിരുന്നു ഭാരതീയ വേഷം അതൊക്കെ ഉടുത്ത് ആണോ ആശുപത്രിയിൽ പോകേണ്ടത്? ഇതൊരുതരം അറ്റൻഷൻ സീക്കിങ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ പോലെയുള്ള അസുഖമാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് പറയാൻ പറ്റിയ വിഷയങ്ങൾ ഒന്നും എന്റെ കയ്യിൽ ഇല്ല അതുകൊണ്ട് ഞാൻ ഇങ്ങനെ എന്തെങ്കിലും ഒരു പുക മറ സൃഷ്ടിക്കാം എന്ന് രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഇവർ ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ട പോസ്റ്റിൽ ഇരിക്കുന്ന ഒരാളാണ് ഇത്തരത്തിൽ പരാമർശം നടത്തുന്നത്, അപ്പോൾ ആ പോസ്റ്റിൽ വിവരമുള്ള ഒരാൾ വരണം എന്നുള്ള എന്റെ ആഗ്രഹം ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു.''–ജുവൽ മേരി പറയുന്നു.",

Read more

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായി

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ചായയിൽ ബിസ്കറ്റും റസ്കും ബ്രഡ്ഡും, പുതിയ ട്രെൻഡ് അനുസരിച്ച് ബൺ മസ്കയും വരെ മുക്കി കഴിക്കുന്നവരുണ്ട്. എന്നാൽ, ആരെങ്കിലും ചായയിൽ ഇഡ്ഡലി മുക്

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് ഇന്ത്യൻ വ്യോമസേന (IAF) ലോജിസ്റ്റിക് പിന്തുണ നൽകുമെന്ന് ഉന്നത പ്