ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക നൽകിയതിനൊപ്പം തന്റെ സ്വത്തു വിവരങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. 28.7 കോടി രൂപ വില വരുന്ന ജംഗമ വസ്തുക്കളും 62.9 കോടി രൂപ വില മതിക്കുന്ന സ്ഥാവര വസ്തുക്കളും ആകെ 91.5 കോടി രൂപയുടെ ആസ്തിയാണ് കങ്കണയ്ക്ക് ഉള്ളത്. 5 കോടി രൂപ വില മതിക്കുന്ന 6.7 കിലോഗ്രാം സ്വർണാഭരണങ്ങൾ, 50 ലക്ഷം രൂപ വിലവരുന്ന 60 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, 3 കോടി വില മതിക്കുന്ന വജ്രാഭരണങ്ങൾ എന്നിവയ്ക്കു പുറമേ 98 ലക്ഷം രൂപ വിലയുള്ള ബിഎം ഡബ്ല്യു, 58 ലക്ഷം വിലയുള്ള മേഴ്സിഡസ് ബെൻസ് 3 കോടിയിലധികം വിലയുള്ള മേഴ്സിഡസ്-മേയ്ബാച്ച് എന്നിവയും 53,000 രൂപ വിലയുളള വെസ്പ സ്കൂട്ടറും കങ്കണയ്ക്ക് സ്വന്തമായുണ്ട്. ബാങ്ക് അക്കൗണ്ടിൽ 1.35 കോടി രൂപയും 17 കോടി രൂപയുടെ കടവും കൈവശം രണ്ട് ലക്ഷം രൂപയും ഉള്ളതായും കങ്കണ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് വിവിധയിടങ്ങളിലായാണ് കങ്കണയ്ക്ക് സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഉള്ളത് ചണ്ഡിഗഡിൽ 4 കൊമേഴ്സ്യൽ കെട്ടിടങ്ങൾ, മുംബൈയിൽ സ്ഥലം, മണാലിയിൽ ഒരു കൊമേഴ്സ്യൽ കെട്ടിടം എന്നിവ സ്വന്തമായുണ്ട്.
മുംബൈയിൽ 16 കോടി വില വരുന്ന മൂന്നു ഫ്ലാറ്റുകളും മണാലിയിൽ 15 കോടി വില മതിക്കുന്ന ആഡംബര ബംഗ്ലാവും സ്വന്തമാണ്. ഇവയ്ക്കെല്ലാം പുറമേ 50 എൽഐസി പോളിസികളും കങ്കണയ്ക്ക് ഉണ്ട്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള താരത്തിനെതിരേ 8 ക്രിമിനൽ കേസുകൾ ഉള്ളതായും രേഖപ്പെടുത്തിയിട്ടുണ്ട്.